Times Kerala

 ജൂൺ 14 വരെ ഓൺലൈൻ വഴി ആധാർ കാർഡുകൾ സൗജന്യമായി പുതുക്കാം

 
ആധാർ പുതുക്കൽ നിർബന്ധമല്ല;കേന്ദ്രത്തിന്റെ വിശദീകരണം
കാസർഗോഡ്: ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം. 10 വർഷങ്ങൾക്കു മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെ യാതൊരു പുതുക്കലും നടത്തിയിട്ടില്ലെങ്കിൽ തിരിച്ചറിയൽ, മേൽവിലാസ രേഖകൾ ഓൺലൈൻ വഴി ജൂൺ 14 വരെ സൗജന്യമായി അപ്പ്ലോഡ് ചെയ്ത് ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. ഇതിനായി https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.കാസർഗോഡ് ജില്ലയിലെ ആധാർ സൗകര്യം ലഭ്യമായിട്ടുള്ള 148 അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം 50 രൂപ നിരക്കിൽ ചെയ്യാവുന്നതാണ്. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ നൽകേണ്ടത് അനിവാര്യമാണ്. അക്ഷയ സെന്ററുകൾ, മറ്റ് ആധാർ സെന്ററുകൾ വഴി മൊബൈൽ നമ്പർ, ഇ -മെയിൽ എന്നിവ ആധാറിൽ ഉൾപ്പെടുത്താൻ ആകും. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ മെയിൽ കൊടുക്കാത്തവർക്കും നിലവിൽ ആധാറിലുള്ളവയിൽ മാറ്റം വന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാം.നവജാതശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് ബയോമെട്രിക് ശേഖരിക്കില്ല. എൻറോൾ ചെയ്യുമ്പോൾ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴ് വയസ്സിനുള്ളിലും 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകൂ. ആധാർ സേവനം ലഭ്യമായിട്ടുള്ള അക്ഷയ കേന്ദ്രങ്ങളുടെ വിവരങ്ങൾ അറിയുന്നതിനായി അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 0495 - 2304775

Related Topics

Share this story