കണ്ണൂരില്‍ ടര്‍ഫിന്റെ ഓഫീസ് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍

കണ്ണൂരില്‍ ടര്‍ഫിന്റെ ഓഫീസ് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍
 
കണ്ണൂര്‍: ജില്ലയിലെ പള്ളിക്കുന്നിലെ ടര്‍ഫിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. പേരാവൂര്‍ സ്വദേശി മത്തായി(58)യാണ് അറസ്റ്റിലായത്. ടര്‍ഫിലെ നിരീക്ഷണ ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണൂര്‍ ടൗണില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് ഓഫീസ് കുത്തിത്തുറന്ന് 11,000 രൂപയും എട്ടായിരം രൂപ വിലവരുന്ന ഒരു സണ്‍ഗ്ലാസും മോഷ്ടിച്ചത്. കുറച്ച് പണവും സണ്‍ഗ്ലാസും ഇയാളില്‍നിന്ന് കണ്ടെടുത്തു. വിവിധ മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ തൊരപ്പന്‍ മത്തായി, ഓന്ത് മത്തായി എന്നീ പേരുകളിലാണ് അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു . ജയിലില്‍നിന്ന് അടുത്തകാലത്ത് പുറത്തുവന്ന ഇയാള്‍ നഗരത്തിലെ കടത്തിണ്ണകളിലും മറ്റുമാണ് താമസിക്കുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ടൗണ്‍ എ.എസ്.ഐ. കെ. ഗിരീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story