തലാക്ക് ചൊല്ലി വിവാഹ മോചനം; മുൻ ഭാര്യക്കും മകനും ജീവിതച്ചെലവായി യുവാവ് 31,68,000 രൂപ നൽകാൻ ഉത്തരവിട്ട് കോടതി

court
കൊച്ചി: തലാക്ക് ചൊല്ലി വിവാഹ മോചനം നേടിയ യുവാവ് മുൻ ഭാര്യക്കും മകനും ജീവിതച്ചെലവിലേക്കായി പ്രതിമാസം 33,000 രൂപ വീതം എട്ട് വർഷം നൽകണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 31,68,000 രൂപയാണ് ഇത്തരത്തിൽ നൽകേണ്ടത്. ഇത്തരം കേസുകളിലെ ഉയർന്ന നഷ്ടപരിഹാരമായിട്ടാണ് ഇത് വിലയിരുത്തുന്നത്.

വിവാഹ മോചനം നേടിയ യുവാവിന്റെയും യുവതിയുടെയും ഉയർന്ന ജീവത പശ്ചാത്തലവും യുവാവിന് മാസം രണ്ട് ലക്ഷത്തോളം രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ചത്.

2008-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.  2013-ൽ യുവാവ് തലാക്കിലൂടെ വിവാഹ മോചനം തേടിയതിനെത്തുടർന്ന്  യുവതി ജീവിതച്ചെലവ് ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. പ്രതിമാസം 33,000 രൂപ വീതം എട്ട് വർഷത്തേക്ക്‌ യുവതിക്കും മകനുമായി നൽകാൻ കോടതി ഉത്തരവിട്ടു.

ഇതിനെതിരേ യുവാവ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. ശമ്പളമായി തനിക്ക്‌ മാസം 60,000 രൂപയേ ലഭിക്കുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ സമർപ്പിച്ചത്. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ സെഷൻസ് കോടതി വിഷയം വീണ്ടും പരിഗണിച്ച് തീരുമാനിക്കണമെന്ന് നിർദേശിച്ച് മജിസ്‌ട്രേറ്റ് കോടതിയിലേക്ക്‌ മടക്കി.

ഇതിനെതിരേ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതി വിഷയം പരിഗണിച്ചപ്പോൾ ശമ്പളം കുറവാണെന്നത് ബോധിപ്പിക്കാൻ മതിയായ അവസരം ഉണ്ടായിരുന്നിട്ടും യുവാവ് ശ്രമിച്ചില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. എന്നാൽ അപ്പീൽ നൽകിയപ്പോൾ ഹാജരാക്കിയ പ്രതിമാസം 70,000 രൂപയേ ശമ്പളം ലഭിക്കുന്നുള്ളൂ എന്ന ശമ്പള സർട്ടിഫിക്കറ്റ് കണക്കിലെടുത്ത് കോടതി തീരുമാനം എടുക്കുകയായിരുന്നു. സെഷൻസ് കോടതിയുടെ ഈ കണ്ടെത്തൽ തെറ്റാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇരുവർക്കും ഒരു മകനുണ്ട്.

Share this story