സമഗ്ര മലയാളം നിഘണ്ടു; മലയാള സർവകലാശാല തയ്യാറാക്കിയ ഡാറ്റ കൈമാറി

 സമഗ്ര മലയാളം നിഘണ്ടു; മലയാള സർവകലാശാല തയ്യാറാക്കിയ ഡാറ്റ കൈമാറി
 

മലയാളഭാഷയെ ആഴത്തിൽ രേഖപ്പെടുത്തുന്ന സമഗ്ര മലയാളം നിഘണ്ടു ഓൺലൈനിൽ ലഭ്യമാക്കും. ഇതിനു വേണ്ടി, മലയാളസർവകലാശാല നിഘണ്ടുനിർമ്മാണപദ്ധതിയുടെ ഭാഗമായി  തയ്യാറാക്കിയ ഡാറ്റ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി അധ്യക്ഷനും ചീഫ് സെക്രട്ടറിയുമായ ഡോ. വി.പി. ജോയിക്ക് കൈമാറി. നിഘണ്ടു എഡിറ്റുചെയ്ത്  ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള തുടർനടപടി സ്വീകരിക്കേണ്ട ചുമതല കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യനാണ്.  മലയാളത്തിലെ ലക്ഷക്കണക്കിന് പദങ്ങൾ, അവയുടെ അർഥം, ഉത്ഭവം, ഉച്ചാരണം, തത്തുല്യപദങ്ങൾ, ഭാഷാഭേദങ്ങൾ തുടങ്ങി സമഗ്ര വിവരങ്ങളുൾപ്പെടുത്തിയാണ് നിഘണ്ടു തയ്യാറാക്കുന്നത്.

        ആധികാരികമായി തയ്യാറാക്കപ്പെടുന്ന നിഘണ്ടു ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്നതിനാൽ ലോകത്തെവിടെ നിന്നും ഉപയോഗിക്കാൻ സാധിക്കുമെന്നത് പ്രത്യേകതയാണ്. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മലയാള സർവകലാശാലാ വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം.സത്യൻ, ഭാഷാ മാർഗനിർദേശക വിദഗ്ധസമിതിയുടെ സെക്രട്ടറി ഡോ. ആർ. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Share this story