തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിലെ സീറ്റ് വിഭജനം നീളുന്നതിൽ ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു. ചർച്ചകൾ വൈകുന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗങ്ങൾ സമ്മർദ്ദം ശക്തമാക്കി.(Seat sharing in UDF, Are the allies unhappy?)
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇന്നും നിർണ്ണായക ചർച്ചകൾ തുടരും. ആദ്യഘട്ടത്തിൽ 40-നും 50-നും ഇടയിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനാണ് നീക്കം. നിലവിൽ 36 സീറ്റുകളിൽ മാത്രമാണ് ഒറ്റപ്പേരിലേക്ക് ധാരണയായിട്ടുള്ളത്. വരും ദിവസങ്ങളിൽ ചർച്ചകൾ പൂർത്തിയാക്കി ബുധനാഴ്ചയോടെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.
പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരൻ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അദ്ദേഹം. എല്ലാം പാർട്ടി തീരുമാനിക്കും എന്ന് മാത്രമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

