തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിയോടെ അവസാനിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം ആകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ പുറത്തുവരുന്നതോടെ ഈ എണ്ണത്തിൽ നേരിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം ഇന്ന് പത്രിക സമർപ്പിച്ചു.(Nomination filing completed in Kerala, Total 1269 nominations)
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (പറവൂർ), ജോസ് കെ. മാണി (പാല), മേജർ രവി (ഒറ്റപ്പാലം), അപു ജോൺ ജോസഫ് (തൊടുപുഴ), ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), കെ.എസ്. ശബരിനാഥൻ (നേമം), ബി. ഗോപാലകൃഷ്ണൻ (ഗുരുവായൂർ), പി.കെ. ഫിറോസ് (കൊടുവള്ളി), അഖിൽ മാരാർ (തൃക്കാക്കര), എ.കെ. ശശീന്ദ്രൻ (എലത്തൂർ), പി.വി. അൻവർ (ബേപ്പൂർ) തുടങ്ങിയ പ്രമുഖർ ഇന്ന് പത്രിക നൽകിയവരിൽ ഉൾപ്പെടുന്നു. പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനും ഇന്ന് പത്രിക സമർപ്പിച്ചു.
സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് തലവേദനയായി വിമത സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഇവരെ പിൻവലിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങൾ. 26-ന് ശേഷം മാത്രമേ കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം വ്യക്തമാകൂ. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ വിധിയെഴുതുന്നത്.

