HomeKerala Assembly Election 2026'SDPI വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നത്? നവകേരളം നിർമ്മിക്കാൻ ഉതകുന്ന പ്രകടന...

‘SDPI വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നത്? നവകേരളം നിർമ്മിക്കാൻ ഉതകുന്ന പ്രകടന പത്രികയാണ് LDFൻ്റേത്’: MV ഗോവിന്ദൻ | LDF

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ എസ്ഡിപിഐ വോട്ട് സംബന്ധിച്ച വിവാദങ്ങളിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.(LDF’s manifesto is conducive to building a new Kerala, says MV Govindan)

വർഗീയ പാർട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ നിലപാടുണ്ട്. എന്നാൽ എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അവർ നിലപാട് വ്യക്തമാക്കിയാൽ സിപിഎം പ്രതികരിക്കാം. എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. “ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇല്ലാതാകുന്നതല്ല എന്റെ വ്യക്തിത്വം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് പുനരധിവാസത്തിനായി സമാഹരിച്ച ഫണ്ട് എവിടെയാണെന്ന് പ്രതിപക്ഷ നേതാവ് ഇപ്പോഴും വ്യക്തമാക്കുന്നില്ലെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഉപമ അങ്ങേയറ്റം ശരിയാണ്. സ്ഥലം വാങ്ങിയത് മുതൽ വലിയ തട്ടിപ്പാണ് നടക്കുന്നത്. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ അത് സത്യവാങ്മൂലത്തിൽ ഉണ്ടാകണം. പയ്യന്നൂരിലെ വ്യാജ ഐഡി കാർഡ് വിവാദത്തിൽ കെ.സി. വേണുഗോപാൽ അസംബന്ധം പറയുകയാണ്. നവകേരളം സൃഷ്ടിക്കാൻ ഉതകുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് എൽഡിഎഫ് മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു.

കോൺഗ്രസിനും ബിജെപിക്കും പ്രകടനപത്രിക വെറും പ്രചാരണായുധമാണ്. എന്നാൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്ന ഏക സർക്കാർ കേരളത്തിലേതാണ്. അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളത്തിൽ ഇനി ദാരിദ്ര്യം തന്നെ ഇല്ലാതാക്കും. പഠിച്ചിറങ്ങുന്ന ഓരോരുത്തർക്കും തൊഴിൽ നൽകും. തൊഴിലില്ലാത്ത 50% സ്ത്രീകൾക്കും ജോലി ഉറപ്പാക്കും. ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കും. യുഡിഎഫിന് വേണ്ടി നടത്തിയ സർവേകൾ പോലും ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും വലിയ മുന്നേറ്റം എൽഡിഎഫ് കാഴ്ചവെക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Clickable Info Box