കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കണ്ണൂർ സിപിഎമ്മിൽ വൻ രാഷ്ട്രീയ ചലനം. മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ പാർട്ടി വിടാനൊരുങ്ങുന്നു. തളിപ്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി.കെ. ശ്യാമളയ്ക്കെതിരെ വിമതനായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.(Clashes in CPM in Kannur, TK Govindan to leave the party)
പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിൽ തുടക്കം മുതൽക്കേ ടി.കെ. ഗോവിന്ദൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടെ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഹാൻവീവ് ചെയർമാനായ അദ്ദേഹം രാജിവെക്കുമെന്നാണ് സൂചന.
പാർട്ടി വിടുന്നതും മത്സരിക്കുന്നതും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും. പ്രാദേശിക പ്രവർത്തകരുടെ വലിയൊരു വിഭാഗം ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കുന്നുണ്ട്. ഇത് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. എം.വി. ഗോവിന്ദൻ കഴിഞ്ഞ തവണ 22,689 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ, പാർട്ടിക്കുള്ളിലെ ഈ ഭിന്നത ഇടതുമുന്നണിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്

