തിരുവനന്തപുരം: ആരുടെയും വോട്ടുകൾ വേണ്ടെന്ന് വയ്ക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്ഡിപിഐ-സിപിഎം ‘ഡീൽ’ ആരോപണങ്ങൾക്കിടെയാണ് മന്ത്രിയുടെ നിർണ്ണായക പ്രതികരണം. വർഗീയ കക്ഷികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ് പ്രധാനമെന്നും ചിലരുടെ വോട്ട് വേണ്ട എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Can’t say no to some people’s votes, V Sivankutty on SDPI controversy)
ഒരു സ്ഥാനാർത്ഥിക്ക് ഇന്ന ആളുകൾ മാത്രം വോട്ട് ചെയ്താൽ മതി എന്ന് പറയാൻ കഴിയില്ല. വോട്ട് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വോട്ടർമാരാണ്, ശിവൻകുട്ടി പറഞ്ഞു. നേമത്ത് വി. ശിവൻകുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ നേതാവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ വിശദീകരണം.
എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രതികരിച്ചിരുന്നു. എസ്ഡിപിഐയുടെ നിലപാട് അവരോടാണ് ചോദിക്കേണ്ടതെന്നും വോട്ടിന് വേണ്ടി എൽഡിഎഫ് അവസരവാദ നിലപാട് സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയത നാടിന് ആപത്താണെന്നും അതിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

