തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കേരളം കടക്കുമ്പോൾ ബിജെപി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ നിർണ്ണായക മണ്ഡലമായ നേമത്ത് രാജീവ് ചന്ദ്രശേഖർ ജനവിധി തേടും. കഴക്കൂട്ടത്ത് വി. മുരളീധരനും വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയുമാണ് ബിജെപി പ്രതിനിധികൾ.(BJP with first phase candidate list, Rajeev Chandrasekhar will contest in Nemom)
കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വീണ്ടും മത്സരത്തിനിറങ്ങുന്നു. മുതിർന്ന നേതാക്കളായ പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും ശോഭാ സുരേന്ദ്രൻ പാലക്കാട്ടും ജനവിധി തേടും. തൃശൂരിൽ പത്മജ വേണുഗോപാലും ഒറ്റപ്പാലത്ത് മേജർ രവിയുമാണ് പട്ടികയിലെ മറ്റ് പ്രമുഖർ. പാലായിൽ ഷോൺ ജോർജും പൂഞ്ഞാറിൽ പി.സി. ജോർജും ബിജെപി സ്ഥാനാർത്ഥികളാകും.
കോഴിക്കോട് ജില്ലയിൽ ബേപ്പൂരിൽ കെ.പി. പ്രകാശ് ബാബുവും കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും മത്സരിക്കും. പയ്യന്നൂരിൽ എ.പി. ഗംഗാധരനും കണ്ണൂരിൽ സി. രഘുനാഥുമാണ് ബിജെപി സ്ഥാനാർത്ഥികൾ. മറ്റ് പ്രധാന മണ്ഡലങ്ങളായ ഹരിപ്പാട് സന്ദീപ് വാചസ്പതിയും കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യനും കരുനാഗപ്പള്ളിയിൽ ജിതിൻ ദേവും മത്സരരംഗത്തുണ്ട്.
ഏപ്രിൽ 9-നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. അസമിനും പുതുച്ചേരിക്കും ഒപ്പമാണ് കേരളവും പോളിംഗ് ബൂത്തിലെത്തുക. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. എൽഡിഎഫ് മൂന്നാം തുടർച്ച ലക്ഷ്യമിടുമ്പോൾ യുഡിഎഫും ബിജെപിയും ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്.

