വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ട് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ചു. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ നീക്കുക, ചർച്ചകളിൽ തീരുമാനമെടുക്കാൻ ഇറാൻ സൈനിക വിഭാഗത്തിന്റെ പൂർണ്ണ സമ്മതം ഉറപ്പാക്കുക എന്നിവയാണ് യുഎസിന്റെ പ്രധാന ആവശ്യങ്ങൾ.(US Wants To Restart Talks With Iran, rump toughens stance )
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് വാഷിംഗ്ടൺ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളുടെ ടാങ്കറുകൾ ഇറാൻ തടയുകയാണെങ്കിൽ, ഇറാനിയൻ കപ്പലുകളെയും ആ പാതയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് അമേരിക്ക. അന്താരാഷ്ട്ര വ്യാപാര സുരക്ഷയ്ക്ക് ഇത് അനിവാര്യമാണെന്ന് ഇസ്രായേലി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ രാഷ്ട്രീയ നേതൃത്വവും സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സും തമ്മിലുള്ള ഭിന്നത ചർച്ചകളെ ബാധിക്കരുതെന്ന് യുഎസ് നിർബന്ധം പിടിക്കുന്നു. ചർച്ചകളിൽ എടുക്കുന്ന തീരുമാനങ്ങൾ അന്തിമമാക്കാൻ ഐആർജിസിയുടെ പൂർണ്ണ പിന്തുണയുള്ള പ്രതിനിധികൾ തന്നെ എത്തണം. കഴിഞ്ഞ ചർച്ചകളിൽ പങ്കെടുത്ത റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥരായ അഹമ്മദ് വാഹിദിയും അലി അബ്ദുള്ളാഹിയും രാഷ്ട്രീയ പ്രതിനിധികളെ മറുപടി നൽകാൻ അനുവദിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഇത്തരം ആഭ്യന്തര തർക്കങ്ങൾ കരാറിന് തടസ്സമാകുമെന്ന ആശങ്കയിലാണ് അമേരിക്ക.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരടങ്ങുന്ന രാഷ്ട്രീയ വിഭാഗം സാമ്പത്തിക തകർച്ച ഒഴിവാക്കാൻ നയതന്ത്ര പരിഹാരം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സൈനിക വിഭാഗത്തിന്റെ കടുത്ത നിലപാടുകൾ ഇതിന് തിരിച്ചടിയാകുന്നു. രാജ്യത്തെ രക്ഷിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിനോട് പെസെഷ്‌കിയാൻ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. അനുയോജ്യരായ ആളുകൾ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നയതന്ത്ര ഇടപെടലാണിത്. പാകിസ്ഥാനിൽ വെച്ച് നടക്കുന്ന രണ്ടാംവട്ട ചർച്ചകളിൽ ഈ നിബന്ധനകൾ ഇറാൻ അംഗീകരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

