വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടി കൂടുതൽ ശക്തമാക്കി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കൻ തീരത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ അഞ്ചാം ദിവസവും യുഎസ് സൈന്യം കനത്ത ആക്രമണം തുടർന്നു. അതിനിടെ, കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളും തുടരുകയാണ്. യുദ്ധത്തെ രാജ്യം സ്വാഗതം ചെയ്യുന്നില്ലെന്നും എന്നാൽ ദേശീയ സുരക്ഷ സംരക്ഷിക്കാൻ ഇറാൻ സജ്ജമായിരിക്കണമെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് വ്യക്തമാക്കി.(US Iran conflict, US Intensifies Attacks And Sanctions Against Iran)
തെക്കൻ ഇറാനിലെ പ്രധാന നഗരങ്ങളായ ബന്ദർ അബ്ബാസ്, ചബഹാർ, അഹ്വാസ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. 90 മിനിറ്റോളം നീണ്ടുനിന്ന രണ്ടാം ഘട്ട ആക്രമണത്തിൽ ഇറാന്റെ ക്രൂസ് മിസൈൽ കേന്ദ്രങ്ങളും തീരദേശ പ്രതിരോധ സംവിധാനങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അമേരിക്കൻ വ്യോമാക്രമണങ്ങളിൽ തെക്കൻ ഇറാനിൽ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും വൻ വിനാശമുണ്ടാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി.
സൈനിക നീക്കങ്ങൾക്ക് പുറമെ ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായും അമേരിക്ക മുന്നോട്ട് പോവുകയാണ്. ഇറാന്റെ സൈന്യത്തിന് രഹസ്യമായി ആയുധങ്ങൾ എത്തിക്കാൻ സഹായിച്ച ഏഴ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് യുഎസ് പുതുതായി ഉപരോധം ഏർപ്പെടുത്തിയത്. വിദേശ കമ്പനികളെയും ബാങ്കുകളെയും മറയാക്കിയാണ് ഇറാൻ ഈ ആയുധക്കടത്ത് നടത്തിയത്. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ഇറാന്റെ ആയുധക്കടത്ത് ശൃംഖലകളെ പൂർണ്ണമായും തകർക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകി.
Story Summary
The US continuous its military strikes against Iran for the fifth consecutive day, targeting cruise missile sites and coastal defense systems in southern cities like Bandar Abbas and Chabahar. In response to recent Iranian attacks on commercial vessels in the Strait of Hormuz, the US has also imposed fresh economic sanctions on seven individuals and entities linked to Iran’s weapons smuggling network.


