റിയാദ്: ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾ തൊടുത്തുവിട്ട ഡ്രോണുകൾ തുടർച്ചയായ രണ്ടാം ദിവസവും തകർത്തതായി സൗദി അറേബ്യ വ്യക്തമാക്കി. ഇതിനുപുറമേ, സൗദിയുടെ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി കപ്പൽ തിരിച്ചുവിളിക്കാൻ നിർബന്ധിതരാക്കിയതായി യെമനിലെ ഹൂതി വിമതരും അവകാശപ്പെട്ടു.(Saudi Arabia Intercepts Drones Houthi Rebels Attack Saudi Oil Tanker Red Sea)
ഹോർമൂസ് കടലിടുക്കിലെ തർക്കങ്ങളെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക ശാന്തത നിലനിൽക്കുന്നുണ്ടെങ്കിലും, മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നുവെന്നാണ് പുതിയ സംഭവവികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കിഴക്കൻ പ്രവിശ്യയിലെ സൗദിയുടെ പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ നിരവധി ഡ്രോണുകളാണ് സൗദി വ്യോമസേന പ്രതിരോധിച്ചത്. ഇറാഖ് അതിർത്തിക്കുള്ളിൽ നിന്നാണ് ഇറാൻ പിന്തുണയുള്ള ഭീകരസംഘടനകൾ ഈ ആക്രമണം നടത്തിയതെന്ന് സൗദി പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. സംഭവത്തിൽ ഇറാഖ് പ്രധാനമന്ത്രി അലി അൽ-സെയ്ദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അയൽരാജ്യങ്ങളെ ആക്രമിക്കാൻ ഇറാഖ് മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് സൈന്യവും വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഇറാഖിലെ സായുധ സംഘങ്ങൾ, സൗദിയുടെ അവകാശവാദങ്ങൾ വ്യാജമാണെന്നും ആക്രമണങ്ങൾക്ക് പിന്നിൽ യെമനിലെ ഹൂതികളാണെന്നും ആരോപിച്ചു. അതേസമയം, സൗദി അറേബ്യൻ എണ്ണക്കപ്പലായ ‘എൻ.സി.സി ഗസാലിന്’ നേരെ തങ്ങൾ മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു. സൗദിക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായി കപ്പൽ യാത്ര അവസാനിപ്പിച്ച് തിരിച്ചോടിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി അവർ പറഞ്ഞു.
ചെങ്കടലിന്റെ തെക്കൻ മേഖലയിൽ സഞ്ചരിക്കുകയായിരുന്ന കപ്പലിന് സമീപം വൻ സ്ഫോടനശബ്ദം കേട്ടതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വിഭാഗവും സ്ഥിരീകരിച്ചു. എന്നാൽ കപ്പലിനും ജീവനക്കാർക്കും കേടുപാടുകളില്ലാതെ സുരക്ഷിതമായി തുടരാനായെന്നാണ് റിപ്പോർട്ട്. ബാബ് എൽ-മന്ദേബ് കടലിടുക്കിലൂടെയുള്ള സൗദി എണ്ണക്കപ്പലുകളുടെ നീക്കം തടയുമെന്ന് ഹൂതികൾ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മേഖലയിലെ സമുദ്ര വ്യാപാര പാതകളെ വീണ്ടും വലിയ സുരക്ഷാ ഭീഷണിയിലാക്കിയിരിക്കുകയാണ്.
Story Summary
Saudi Arabia intercepted multiple drones fired from Iraqi territory for the second consecutive day, while Yemen’s Houthi rebels claimed to have forced a Saudi oil tanker to retreat following a missile attack in the Red Sea. Despite a brief lull in direct confrontations between the United States and Iran, these coordinated proxy attacks underscore escalating regional instability and threats to key maritime oil routes.


