ന്യൂഡൽഹി: കായിക പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് സ്വന്തമാക്കി ( Zee Entertainment Secures FIFA Broadcast India). സീ ഗ്രൂപ്പ് പുതുതായി വിപണിയിലിറക്കിയ ‘യുണൈറ്റ്8 സ്‌പോർട്‌സ്’ ലീനിയർ ടെലിവിഷൻ ചാനലുകളിലൂടെയാണ് മത്സരങ്ങൾ ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യുക. കൂടാതെ ‘സീ5’ ഒടിടി പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ സ്ട്രീമിംഗും ലഭ്യമായിരിക്കും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന, 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് പോരാട്ടങ്ങൾ വരും ജൂൺ 11-നാണ് ആരംഭിക്കുന്നത്.
2026, 2030 വർഷങ്ങളിലെ പുരുഷന്മാരുടെ ലോകകപ്പുകൾക്ക് പുറമെ, 2027-ലെ ഫിഫ വനിതാ ലോകകപ്പ്, ഫിഫ അണ്ടർ-17, അണ്ടർ-20 ലോകകപ്പുകൾ, ഫുട്സൽ ലോകകപ്പുകൾ ഉൾപ്പെടെ 2034 വരെയുള്ള പ്രമുഖ ഫിഫ ടൂർണമെന്റുകളുടെയും ഡോക്യുമെന്ററി പരമ്പരകളുടെയും ഇന്ത്യയിലെ ദൃശ്യാവകാശമാണ് സീ എന്റർടൈൻമെന്റ് ഇതിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലെ കായിക വിപണിയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സീ ഗ്രൂപ്പ് ഈ വലിയ നിക്ഷേപം നടത്തിയിരിക്കുന്നത്.
തുകയെച്ചൊല്ലി ഫിഫയും പ്രമുഖ ഇന്ത്യൻ കായിക സംപ്രേഷകരായ ജിയോസ്റ്റാറും തമ്മിൽ ധാരണയിലെത്താൻ സാധിക്കാതെ വന്ന പശ്ചാത്തലത്തിലാണ് സീ ഗ്രൂപ്പ് ഈ രംഗത്തേക്ക് കടന്നുവന്നത്. ഫിഫ ഇന്ത്യയിൽ നിന്നും ഏകദേശം 60 ദശലക്ഷം യുഎസ് ഡോളറാണ് അവകാശത്തിനായി പ്രതീക്ഷിച്ചിരുന്നതെങ്കിലും ജിയോസ്റ്റാർ 20 ദശലക്ഷം ഡോളർ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. തുടർന്ന് എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സീ ഗ്രൂപ്പ് കായിക രംഗത്തേക്ക് വൻ തിരിച്ചുവരവ് നടത്തിയത്. ഇതിനായി യുണൈറ്റ്8 സ്‌പോർട്‌സ് 1 (ഹിന്ദി), യുണൈറ്റ്8 സ്‌പോർട്‌സ് 1 എച്ച്ഡി, യുണൈറ്റ്8 സ്‌പോർട്‌സ് 2 (ഇംഗ്ലീഷ്), യുണൈറ്റ്8 സ്‌പോർട്‌സ് 2 എച്ച്ഡി എന്നീ പുതിയ ചാനലുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ ചാനലുകളിൽ ഫുട്ബോളിന് പുറമെ ക്രിക്കറ്റ്, കബഡി, ബാഡ്മിന്റൺ, ഗുസ്തി തുടങ്ങിയ കായിക ഇനങ്ങളും സംപ്രേഷണം ചെയ്യും. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഏറ്റുമുട്ടുക. കളി നടക്കുന്ന രാജ്യങ്ങളിലെ സമയക്രമം അനുസരിച്ച് ഇന്ത്യയിൽ ഭൂരിഭാഗം മത്സരങ്ങളും അർദ്ധരാത്രിക്ക് ശേഷമായിരിക്കും തത്സമയം കാണാൻ സാധിക്കുക.
Summary: Zee Entertainment Enterprise Limited (ZEEL) has officially secured the media rights to broadcast the 2026 FIFA World Cup and future editions in India. The matches will be aired on Zee’s newly launched Unite8 Sports linear TV channels and live-streamed digitally on the Zee5 platform. The major deal materialized after FIFA and JioStar failed to reach a pricing consensus for the 48-team tournament starting on June 11.

