കൊച്ചി: വയനാട് തിരുനെല്ലിയിലെ തോൽപ്പട്ടി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഒരു സൈക്കോളജിക്കൽ കോമഡി ത്രില്ലറാണ് (Oru Durooha Saahacharyathil). പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ദുരൂഹതകൾ നിറഞ്ഞൊരു വിചിത്രമായ ആഖ്യാനശൈലിയാണ് ചിത്രം പിന്തുടരുന്നത്.
കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഗവൺമെന്റ് ഹെൽത്ത് വർക്കറായ സേതുവിനെ ചുറ്റിയാണ് കഥ വികസിക്കുന്നത്.കിടപ്പിലായ സഹോദരൻ മധുവിനെ പരിചരിക്കുന്നതാണ് സേതുവിന്റെ ലോകം. മരിച്ചുപോയ മാർക്കോസ് എന്ന ഇളയപ്പൻ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന മധുവിനായി പലപ്പോഴും മാർക്കോസായി സേതുവിന് വേഷമിടേണ്ടി വരുന്നു.
വൈകാരികമായ ഈ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വളരെ വേഗത്തിൽ ചിത്രം ഒരു സസ്പെൻസ് ത്രില്ലറിലേക്ക് വഴിമാറുന്നു.
അഭിനേതാക്കളുടെ പ്രകടനംചാക്കോച്ചന്റെ കരിയറിലെ ഏറ്റവും പക്വമായ പ്രകടനങ്ങളിലൊന്നാണ് സേതു. കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളെ വളരെ ആഴത്തിൽ താരം അവതരിപ്പിക്കുന്നു.
മാനസികമായ വെല്ലുവിളികൾ നേരിടുന്ന കിടപ്പുരോഗിയായ മധുവായി ദിലീഷ് പോത്തൻ വിസ്മയിപ്പിക്കുന്നു.സംവിധായകനിൽ നിന്ന് നടനായി മാറിയ ചിദംബരമാണ് ചിത്രത്തിലെ സർപ്രൈസ് പാക്കേജ്. വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ അദ്ദേഹം ശ്രദ്ധേയനാകുന്നു.
സാങ്കേതിക മികവ്
ഹ്യൂമർ, സോഷ്യൽ സറ്റയർ, ഇമോഷൻസ് എന്നിങ്ങനെ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്ന സംവിധായകന്റെ സ്ഥിരം ചേരുവകൾ ഈ ചിത്രത്തിലുമുണ്ട്. അർജുൻ സേതു ക്യാമറയിൽ പകർത്തിയ വയനാടിന്റെ വനമേഖലകളും ഗ്രാമീണ ഭംഗിയും സിനിമയുടെ നിഗൂഢമായ മൂഡിനോട് ചേർന്ന് നിൽക്കുന്നു.
ഡോൺ വിൻസെന്റിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ സിനിമയുടെ ഉദ്വേഗം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മാജിക് ഫ്രെയിംസ് വിതരണത്തിനെത്തിച്ച ചിത്രം വിഷു റിലീസുകളിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story Summary: ‘Oru Durooha Saahacharyathil’, directed by Ratheesh Balakrishnan Poduval and starring Kunchacko Boban, is receiving great reviews in theaters. A psychological comedy thriller set in Wayanad, the film explores the intense bond between two brothers and a world of delusions.

