കൊച്ചി: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘റാം’ പാതിവഴിയിൽ നിലച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ (RAM Movie Update). ചിത്രത്തിന്റെ നിർമ്മാണത്തിൽ നിലവിൽ സാമ്പത്തിക പ്രയാസങ്ങളുണ്ടെന്നും ഇത് തന്നെ ഏറെ സങ്കടപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ മുന്നോട്ടുള്ള പോക്ക് ഇപ്പോൾ നിർമ്മാതാക്കളുടെ തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരുപാട് അധ്വാനവും പണവും ഇതിനോടകം ഈ പ്രോജക്റ്റിനായി ചെലവഴിച്ചു കഴിഞ്ഞു. ‘റാം’ രണ്ട് ഭാഗങ്ങളുള്ള സിനിമയാണ്. ആദ്യഭാഗം പൂർത്തിയാക്കിയ ശേഷം രണ്ടാമത്തേതിലേക്ക് കടക്കാമെന്ന് താൻ നിർദ്ദേശിച്ചെങ്കിലും, ലണ്ടൻ ഷെഡ്യൂളിനിടെ രണ്ട് ഭാഗങ്ങളും ഒന്നിച്ച് ഷൂട്ട് ചെയ്തത് പ്രതിസന്ധിക്ക് കാരണമായെന്ന് ജീത്തു ജോസഫ് സൂചിപ്പിച്ചു.
യുകെ, മൊറോക്കോ, ഇന്ത്യ എന്നിവിടങ്ങളിലെ ചിത്രീകരണം പൂർത്തിയായി. ഇനി ടുണീഷ്യയിൽ കുറച്ചു ഭാഗങ്ങൾ കൂടി ഷൂട്ട് ചെയ്യാനുണ്ട്. വെറും 50 ദിവസത്തെ ഷൂട്ടിംഗ് കൂടി ഉണ്ടെങ്കിൽ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റാം ഒരു ‘ലാർജർ ദാൻ ലൈഫ്’ പരീക്ഷണചിത്രമല്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു. ഇതൊരു വ്യക്തിയുടെ യാത്രയും അയാളുടെ വികാരങ്ങളും പറയുന്ന സിനിമയാണ്. അതേസമയം തന്നെ മികച്ച ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയായിരിക്കും. ചിത്രീകരണം പുനരാരംഭിക്കാൻ സാധിച്ചാൽ കഥയുടെ പ്രസക്തി നഷ്ടപ്പെടാതെ തന്നെ സിനിമ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംവിധായകൻ.
Story Summary: Director Jeethu Joseph confirmed that his ambitious project ‘RAM’, starring Mohanlal, is currently facing financial difficulties. He revealed that shooting two parts simultaneously led to complications and stated that about 50 days of filming are still required to complete both parts.

