മുംബൈ: ബോളിവുഡിലെ മുൻനിര താരം ഹൃത്വിക് റോഷൻ തനിക്ക് സിനിമകളിൽ ലഭിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. സദാസമയവും ചോക്ലേറ്റ് ഹീറോ അല്ലെങ്കിൽ ‘നല്ലവൻ’ ഇമേജുള്ള വേഷങ്ങൾ നൽകി തന്നെ ഒതുക്കുന്നതിൽ മടുത്തുവെന്നും, നെഗറ്റീവ് ഷേഡുള്ള വേഷങ്ങൾ ചെയ്യാൻ തനിക്ക് വലിയ താല്പര്യമുണ്ടെന്നും താരം വ്യക്തമാക്കി ( Hrithik Roshan on Negative Roles). എന്നാൽ സംവിധായകർ എപ്പോഴും തന്നെ പോസിറ്റീവ് വേഷങ്ങളിലേക്ക് മാത്രമേ പരിഗണിക്കാറുള്ളൂ എന്ന് ഹൃത്വിക് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തുറന്നടിച്ചു. പാരീസിലെ ഈഫൽ ടവറിന് മുന്നിൽ നിന്നുള്ള ഒരു സെൽഫി പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
View this post on Instagram
സോയ അക്തർ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ‘ലക്ക് ബൈ ചാൻസ്’ എന്ന ചിത്രത്തിൽ താൻ ചെയ്ത സ്വാർത്ഥനും എന്നാൽ രസകരവുമായ ‘സഫർ’ എന്ന സിനിമാതാരത്തിന്റെ വേഷം ഓർമ്മിപ്പിച്ചുകൊണ്ടാണ് ഹൃത്വിക് മനസ്സ് തുറന്നത്. അത്തരം നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും എന്നാൽ സംവിധായകർക്ക് തന്നെ ഇപ്പോഴും ഒരു നല്ലവനായി കാണാനാണ് ഇഷ്ടമെന്നും താരം കുറിച്ചു. ഹൃത്വികിന്റെ പോസ്റ്റിന് താഴെ “നമുക്കൊരുമിച്ച് കോഫി കുടിച്ചാലോ” എന്ന കമന്റുമായി സംവിധായിക സോയ അക്തർ തന്നെ രംഗത്തെത്തിയത് പുതിയ സിനിമയുടെ സൂചനയായി ആരാധകർ കാണുന്നുണ്ട്. ‘വാർ 2’ ന് ശേഷം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ക്രിഷ് 4’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഹൃത്വിക് ഇപ്പോൾ. ഇതുകൂടാതെ ആമസോൺ പ്രൈമിന്റെ ‘സ്റ്റോം’ എന്ന ത്രില്ലർ വെബ് സീരീസ് നിർമ്മിച്ച് ഒടിടി മേഖലയിലേക്കും താരം ചുവടുവെക്കുകയാണ്.
Summary: Bollywood superstar Hrithik Roshan has expressed dissatisfaction with the types of roles being offered to him, stating he is tired of his “good guy” and chocolate hero image. In a recent Instagram post from Paris, the actor shared his desire to portray characters with negative shades, specifically citing his selfish yet popular cameo role as ‘Saffar’ in Zoya Akhtar’s 2009 film ‘Luck By Chance’.

