Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeEditors Pickനാടിനെ നടുക്കി വിനോദയാത്രാ ദുരന്തം; അതിരപ്പിള്ളിയും മലക്കപ്പാറയും കണ്ട മടക്കയാത്ര മരണയാത്രയായി;...

നാടിനെ നടുക്കി വിനോദയാത്രാ ദുരന്തം; അതിരപ്പിള്ളിയും മലക്കപ്പാറയും കണ്ട മടക്കയാത്ര മരണയാത്രയായി; വാൽപ്പാറയിൽ പൊലിഞ്ഞത് ഒരു സ്കൂളിന്റെയും നാടിന്റെയും ജീവത്തുടിപ്പുകൾ | Valparai Accident

🎙️ Latest Podcast

മലപ്പുറം വളാഞ്ചേരിക്ക് സമീപത്തെ പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്കൂളിൽ നിന്ന് ആവേശത്തോടെ പുറപ്പെട്ട യാത്ര അന്ത്യയാത്രയായി മാറിയത് കേരളത്തെയാകെ നടുക്കിയിരിക്കുകയാണ് (Valparai Accident). അധ്യാപകരും അവരുടെ മക്കളും സ്കൂളിലെ പാചകക്കാരിയും അടങ്ങുന്ന സംഘമാണ് വാൽപ്പാറയിലെ ഘാട്ട് റോഡിലുണ്ടായ അപകടത്തിൽപ്പെട്ടത്. വേനലവധിയും വിഷുവും പ്രമാണിച്ചുണ്ടായ ഒഴിവുദിനങ്ങൾ ആഘോഷിക്കാനാണ് സ്കൂളിലെ അധ്യാപകരും കുടുംബവും ചേർന്ന് യാത്ര പുറപ്പെട്ടത്. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ വഴി വാൽപ്പാറ സന്ദർശിച്ച് പൊള്ളാച്ചിയിലൂടെ നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. വിനോദസഞ്ചാര വാൻ വാൽപ്പാറയിലെ അഗാധമായ കൊക്കയിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. സ്കൂളിലെ മിക്ക അധ്യാപകരും ഈ സംഘത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം , യാത്രയുടെ തുടക്കത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് നിന്ന് സംഘം പകർത്തിയ ചിരിച്ച മുഖത്തോടെയുള്ള ചിത്രങ്ങൾ ഇപ്പോൾ ഉറ്റവർക്ക് നോവാർന്ന ഓർമ്മകളായി മാറുകയാണ്. 60 കിലോമീറ്ററോളം നീളുന്ന മലക്കപ്പാറ-വാൽപ്പാറ പാത അതീവ അപകടം നിറഞ്ഞതാണ്. 40 ഹെയർപിൻ വളവുകളുള്ള ഈ ചുരത്തിൽ നേരിയ അശ്രദ്ധ പോലും വലിയ ദുരന്തത്തിന് കാരണമാകും. വലിയ വാഹനങ്ങൾക്ക് തിരിക്കാൻ പ്രയാസമുള്ള വളവുകളും അഗാധമായ താഴ്ചയും ഈ പാതയെ ഭയാനകമാക്കുന്നു.

ആനമല ടൈഗർ റിസർവിന്റെ ഭാഗമായ ഇവിടെ രാത്രികാലങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യവും പതിവാണ്. ജനവാസമില്ലാത്ത ഈ വനമേഖലയിൽ അപകടം നടന്നാൽ പെട്ടെന്ന് സഹായമെത്തിക്കാനും ബുദ്ധിമുട്ടാണ്.

അതേസമയം , അധ്യാപകരും ജീവനക്കാരും അപകടത്തിൽപ്പെട്ട സംഭവത്തിൽ സർക്കാർ എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.

മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും. അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ പോയ ഒരു സംഘം ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത് അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച വൈകുന്നേരം 5.30-ഓടെയാണ് വാൽപ്പാറ-പൊള്ളാച്ചി പാതയിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിൽ നിന്നുള്ള 13 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.
ഏഴ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.