വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് തൊട്ടടുത്ത് വൻ വെടിവെപ്പ്. വൈറ്റ് ഹൗസിലെ നോർത്ത് ലോണിൽ തത്സമയ വാർത്താ റിപ്പോർട്ടിങ് നടത്തുകയായിരുന്ന മാധ്യമപ്രവർത്തകർ വെടിയൊച്ച കേട്ട് ഭയന്നോടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വെടിവെപ്പ് ഉണ്ടായ ഉടൻ തന്നെ യുഎസ് സീക്രട്ട് സർവീസ് ഇടപെടുകയും മാധ്യമപ്രവർത്തകരോട് റിപ്പോർട്ടിങ് നിർത്തിവെച്ച് പ്രസ് ബ്രീഫിങ് റൂമിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.(White House Shooting Security Checkpoint Attacker Nasir Best Dead Donald Trump Safe)
ആയുധധാരികളായ സുരക്ഷാ സേന വൈറ്റ് ഹൗസ് പരിസരം പൂർണ്ണമായി വളയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലുണ്ടായിരുന്നു. വൈറ്റ് ഹൗസിന് തൊട്ടടുത്തുള്ള സീക്രട്ട് സർവീസ് ചെക്ക്പോസ്റ്റിലാണ് അക്രമി വെടിയുതിർത്തത്.
നോർത്ത് ലോണിൽ വീഡിയോ പകർത്തിക്കൊണ്ടിരിക്കെയാണ് ഭയപ്പെടുത്തുന്ന വെടിയൊച്ചകൾ കേട്ടത്. നിരവധി വെടിയുണ്ടകൾ പായുന്ന ശബ്ദമാണ് ഉയർന്നത്. ഉടൻ തന്നെ പ്രസ് ബ്രീഫിങ് റൂമിലേക്ക് ഓടിമാറാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു, മാധ്യമപ്രവർത്തക കുറിച്ചു. വെടിയുതിർത്ത അക്രമി മേരിലാൻഡ് സ്വദേശിയായ ഇരുപത്തൊന്നുകാരൻ നാസിർ ബെസ്റ്റ് ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് നാസിർ സുരക്ഷാ ചെക്ക്പോയിന്റിന് നേരെ വെടിയുതിർക്കുകയായിരുന്നു. എന്നാൽ സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ നാസിറിന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
നാസിർ ബെസ്റ്റിന് കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻപും വൈറ്റ് ഹൗസ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നതിനെ തുടർന്ന് ഈ മേഖലയിൽ പ്രവേശിക്കുന്നതിൽ നിന്നും കോടതി ഇയാളെ വിലക്കിയിരുന്നു. കഴിഞ്ഞ വർഷം വൈറ്റ് ഹൗസിൽ കാൽനടയാത്രക്കാർക്ക് വിലക്കുള്ള കൺട്രോൾ പോസ്റ്റ് മറികടന്ന് അകത്തുകടക്കാൻ ശ്രമിച്ചതിന് നാസിറിനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. അന്ന് താൻ ‘യേശുക്രിസ്തുവിന്റെ ആധുനിക കാലത്തെ അവതാരമാണ്’ എന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും യുഎസ് അധികൃതർ അറിയിച്ചു.
Story Summary
A shooting incident near a White House security checkpoint forced journalists to flee during a live broadcast. The attacker, 21-year-old Nasir Best, who had a history of mental illness and trespassing, was shot dead by the US Secret Service in retaliatory fire. US President Donald Trump was inside the Oval Office during the incident.

