ലഖ്‌നൗ: മദ്യം കലർത്താൻ വെള്ളം എടുക്കാൻ വിസമ്മതിച്ച ഒൻപത് വയസുകാരനെ ബന്ധു വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ കസ്‌ഗഞ്ച് ജില്ലയിലെ യാക്കൂത്ഗഞ്ച് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സഹാവർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജസ്‌വീർ ഗോലയുടെ മകനാണ് കൊല്ലപ്പെട്ടത്.(UP man kills 9-year-old after he refused to bring water to mix with liquor)
ജസ്‌വീറിന്റെ വീട്ടിൽ നടന്ന കുട്ടിയുടെ പേരിടൽ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവായ ധനേഷ് യാദവ് മദ്യപിക്കുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ കുട്ടി വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ ധനേഷ്, കുട്ടിയുടെ വയറ്റിലേക്ക് വെടിയുതിർക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. വെടിയൊച്ച കേട്ട് ചടങ്ങിനെത്തിയവർ പരിഭ്രാന്തരായി ചിതറിയോടി.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കസ്‌ഗഞ്ച് ജില്ലാ ആശുപത്രിയിലും പിന്നീട് അലിഗഡിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ശനിയാഴ്ച ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഖിതൗലി കനാൽ പാലത്തിന് സമീപത്ത് നിന്ന് പോലീസ് പിടികൂടി. ഇയാളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തു. പ്രതിയെ ജയിലിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായി അഡീഷണൽ എസ്പി രാജേഷ് കുമാർ ഭാരതി അറിയിച്ചു.
Story Summary
A nine-year-old boy was shot dead by a relative in Uttar Pradesh’s Kasganj after he refused to fetch water for mixing with alcohol during a naming ceremony. The accused was arrested near the Khitauli canal, and the police recovered the weapon used in the crime.

