ഹൈദരാബാദ്: തെലങ്കാനയിൽ സർവീസ് ഉദ്യോഗസ്ഥന്റെ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷൻ ബ്യൂറോ (ACB) നടത്തിയ തെരച്ചിലിൽ വൻ സ്വത്ത് ശേഖരം കണ്ടെത്തി. തെലങ്കാന റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഡിവിഷണൽ എഞ്ചിനീയർ മുത്യം വെങ്കട്ട രമണയുടെ വസതിയിലും ബന്ധുക്കളുടെ കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് വിപണിയിൽ 100 മുതൽ 150 കോടി രൂപ വരെ മൂല്യം വരുന്ന സ്വത്തുക്കൾ എ.സി.ബി സംഘം പിടിച്ചെടുത്തത്.(Telangana ACB Raids REDCO Engineer Venkata Ramana)
ഹൈദരാബാദിലെ ഖൈരതാബാദിൽ സേവനമനുഷ്ഠിക്കുന്ന രമണയ്‌ക്കെതിരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒൻപതോളം കേന്ദ്രങ്ങളിലായിരുന്നു ഒരേസമയം പരിശോധന നടത്തിയത്. ഔദ്യോഗിക രേഖകൾ പ്രകാരം 27.65 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, നിലവിലെ വിപണി മൂല്യമനുസരിച്ച് ഇത് 150 കോടി രൂപയോളം വരുമെന്ന് എ.സി.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രമണയുടെ ഭാര്യയുടെ പേരിലുള്ള നിർമ്മാണ കമ്പനികൾ വഴി റിയൽ എസ്റ്റേറ്റ് മേഖലയിൽ കോടികളുടെ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ പ്രതിയുടെ കേന്ദ്രങ്ങളിൽ നിന്ന് മറ്റു സ്വത്തുക്കളും പിടിച്ചെടുത്തു. സെരിലിംഗംപള്ളി, കുക്കട്പള്ളി എന്നിവിടങ്ങളിലായി 4 റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, 2 വലിയ വാണിജ്യ സമുച്ചയങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന 10 അപാർട്ട്മെന്റുകൾ, 4 കോടി രൂപ വിലമതിക്കുന്ന 2.094 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ, 52.02 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ, 45 ലക്ഷം രൂപ വിലമതിക്കുന്ന 3 ആഡംബര വാഹനങ്ങൾ, വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വിദേശ മദ്യം എന്നിവയാണിത്.
മുമ്പ് 2019-ൽ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എ.സി.ബി വലയിലായ ഉദ്യോഗസ്ഥനാണ് വെങ്കട്ട രമണ. അന്ന് നടത്തിയ തെരച്ചിലിൽ 26.52 ലക്ഷം രൂപ പണമായും 22.60 ലക്ഷം രൂപയുടെ സ്വർണ്ണവും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ പ്രതിയെ പ്രത്യേക എ.സി.ബി കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Story Summary
The Telangana Anti-Corruption Bureau (ACB) unearthed disproportionate assets with an estimated market value of Rs 100-150 crore during raids on Mutyam Venkata Ramana, a Divisional Engineer at REDCO in Hyderabad. The seized assets include commercial buildings, flats, construction projects, 2 kg of gold worth Rs 4 crore, and luxury vehicles.


