കണ്ണൂർ: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വിവിധ വിവാദങ്ങളിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Ethics Committee should take decision on Rahul Mamkootathil issue, says Ramesh Chennithala)
ശബരിമല സ്വർണ്ണക്കൊള്ള കേസ് പൂർണ്ണമായും അട്ടിമറിക്കപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. കേസ് നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാത്തത് പ്രതികളെ സഹായിക്കാനാണ്. ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.
എസ്ഐടി രൂപീകരിച്ചിട്ട് നാല് മാസമായിട്ടും മോഷ്ടിച്ച സ്വർണ്ണം കണ്ടെത്താനായിട്ടില്ല. പ്രോസിക്യൂഷൻ അനുമതി നൽകാതെ മുഖ്യമന്ത്രി കേസ് നീട്ടിക്കൊണ്ടുപോവുകയാണ്. കേസിന്റെ ഗൗരവം പരിഗണിക്കാതെ കെമിക്കൽ അനാലിസിസ് റിപ്പോർട്ട് വൈകിപ്പിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസിൽ എം.വി. ഗോവിന്ദനെക്കൊണ്ട് ജനങ്ങൾ മറുപടി പറയിക്കുമെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് നിയമസഭാ എത്തിക്സ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത് എന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കെ. സുധാകരൻ നിയമസഭയിലേക്ക് മത്സരിക്കണമെന്നത് കണ്ണൂരിലെ ജനങ്ങളുടെ ആഗ്രഹമാണെന്ന് ചെന്നിത്തല പറഞ്ഞു. സുധാകരൻ എവിടെ മത്സരിച്ചാലും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. എന്നാൽ എംപിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.



