ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള സ്വാത് ജില്ലയിൽ സംഘടിപ്പിച്ച സമാധാന റാലിക്കിടെയുണ്ടായ അതിശക്തമായ ചാവേർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു (Pakistan Swat suicide blast). ക്രമസമാധാന നില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ പ്രകടനത്തിനിടയിലേക്കാണ് ആക്രമണം ഉണ്ടായത്.
റാലി സുരക്ഷ ഉറപ്പാക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രഥമവിവര സൂചന. പ്രാദേശിക ഗോത്ര കൗൺസിലായ ‘സ്വാത്ത് അമൻ ജിർഗ’യുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി മേഖലയിൽ തീവ്രവാദ ആക്രമണങ്ങളും ക്രമസമാധാന തകർച്ചയും രൂക്ഷമായ പശ്ചാത്തലത്തിലാണ് ജനങ്ങൾ സമാധാനം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
സംഭവം ചാവേർ ആക്രമണമാണെന്നാണ് നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തെ തുടർന്ന് പോലീസും സുരക്ഷാ സേനയും സ്ഥലം പൂർണ്ണമായും വളഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ജനങ്ങൾ നടത്തിയ റാലിയിൽ തന്നെ നടന്ന സ്ഫോടനം മേഖലയിൽ വലിയ ഭീതി പടർത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
Story Summary: At least seven people were killed and 18 injured in a suspected suicide attack targeting a ‘peace rally’ organized by the Swat Aman Jirga in the Swat district of Khyber Pakhtunkhwa, Pakistan. Police and security forces have cordoned off the area as rescue efforts continue.


