ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെ യാതൊരു കാരണവശാലും ആക്രമണം ഉണ്ടാകരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയോട് ഫോൺ സംഭാഷണത്തിൽ കർശനമായി ആവശ്യപ്പെട്ടു. ഏത് വിഭാഗം നടത്തിയാലും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്നും ജയശങ്കർ വ്യക്തമാക്കി.(S Jaishankar Speaks To Iranian FM Abbas Araghchi Commercial Shipping Attacks)
പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും നടക്കുന്ന ചർച്ചകളെക്കുറിച്ചും ഇറാൻ വിദേശകാര്യ മന്ത്രി ജയശങ്കറിനെ ധരിപ്പിച്ചു. സമാധാനപരമായ ചർച്ചകളെ ഇന്ത്യ എപ്പോഴും പിന്തുണയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആന്ദ്രി സിബിഹയുമായും ജയശങ്കർ സംസാരിച്ചിരുന്നു. കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ഉക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
2026 ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിനുശേഷം 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യസഭയെ അറിയിച്ചു. 75 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷവുമായി ബന്ധമില്ലാത്ത മറ്റൊരു അപകടത്തിൽ ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ 12 ഇന്ത്യക്കാർ മരണപ്പെട്ടു. സംഘർഷം രൂക്ഷമായതോടെ ഇറാനിൽ നിന്ന് 2,557 ഇന്ത്യക്കാരെ അസർബൈജാൻ, അർമേനിയ വഴി സുരക്ഷിതമായി നാട്ടിലെത്തിച്ചു. നിലവിൽ ഏഴായിരത്തോളം ഇന്ത്യക്കാർ ഇറാനിൽ തുടരുന്നുണ്ടെന്നാണ് കണക്ക്.
Story Summary
External Affairs Minister S. Jaishankar held a telephonic conversation with Iranian Foreign Minister Abbas Araghchi, expressing deep concern over Middle East hostilities and urging an immediate halt to attacks on commercial shipping.


