ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict).
വ്യോമാക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നവരെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തിയ സംഭവങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ ആക്രമണം നടത്തുന്ന തീവ്രവാദ സംഘടനകൾക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകുന്നുവെന്നാണ് ഇസ്ലാമാബാദ് ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണം അഫ്ഗാൻ ഭരണകൂടം നിഷേധിച്ചിട്ടുണ്ട്.
കാബൂളിലെ മയക്കുമരുന്ന് വിമുക്ത ചികിത്സാ കേന്ദ്രത്തിന് നേരെയുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണമാണ് സംഘർഷത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സാധാരണക്കാരെ ലക്ഷ്യമിട്ടല്ല സൈനിക നടപടി നടത്തിയതെന്നും തീവ്രവാദികളുടെ കേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചതെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചും യുഎൻ റിപ്പോർട്ട് ആശങ്ക രേഖപ്പെടുത്തി. സ്ത്രീകൾക്ക് മേൽ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, വസ്ത്രധാരണ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് സ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവങ്ങൾ, ബാലവിവാഹത്തിന് വഴിയൊരുക്കുന്ന നിയമനടപടികൾ തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ടിൽ വിമർശനവിധേയമായി.
Story Summary:
A UN report states that 499 civilians were killed and 1,216 injured in Afghanistan amid border tensions with Pakistan between October and June. The report also highlighted civilian casualties from airstrikes and raised concerns over restrictions on women under Taliban rule.


