ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ നിയന്ത്രണം വിട്ട കാർ ഡ്രെയിനേജിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ (Delhi car accident) ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന്റെ മകൻ മരിച്ചു. യശ്വേന്ദ്ര (20) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കാറിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ നങ്കൽ ദേവത് പ്രദേശത്തിന് സമീപത്താണ് അപകടം ഉണ്ടായത്. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് വസന്ത് കുഞ്ച് സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ, കാർ ഡ്രെയിനേജിനുള്ളിൽ തലകീഴായി മറിഞ്ഞ നിലയിൽ കണ്ടെത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യശ്വേന്ദ്രയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തിൽ, യശ്വേന്ദ്രയും വസന്ത് കുഞ്ച് സ്വദേശിനിയായ സുഹൃത്തും ചേർന്ന് യുവതിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനം യുവതിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
നങ്കൽ ദേവത് ട്രാഫിക് സിഗ്നലിന് സമീപമുള്ള വളവിൽ റോഡിലെ വഴുക്കൽ കാരണം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് വാഹനം റോഡിൽ നിന്ന് തെന്നിമാറി ഡ്രെയിനേജിലേക്ക് പതിക്കുകയുമാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
യശ്വേന്ദ്രയും സുഹൃത്തും അമേരിക്കയിലെ ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളാണെന്നും അവിടെ നിന്നാണ് ഇരുവരുടെയും സൗഹൃദം ആരംഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
Story Summary:
A 20-year-old son of an Indian Army officer died after a car plunged into a drainage canal in southwest Delhi. Police suspect the vehicle skidded on a slippery road, while the injured female passenger is undergoing treatment.


