കൊച്ചി: ഡൽഹി വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട നിലപാടിനെ ചൊല്ലി നടിയും അവതാരകയുമായ പേളി മാണിയും സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബി മലയിലും തമ്മിലുള്ള സോഷ്യൽ മീഡിയ വാക്പോര് ശക്തമാകുന്നു (Joe Sibi Malayil Pearle Maaney Controversy). പേരെടുത്ത് പറയാതെ പേളി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിക്കാണ് ജോ സിബി മലയിൽ കടുത്ത മറുപടി നൽകിയത്. വിദ്യാർഥി സമരത്തെക്കുറിച്ച് പേളി മാണി പങ്കുവെച്ച പോസ്റ്റാണ് ആദ്യം വിവാദമായത്. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ സുരക്ഷിതരായിരിക്കണമെന്നും, ജീവനേക്കാൾ വലുതല്ല ഒരു ലക്ഷ്യവുമെന്നുമായിരുന്നു പേളിയുടെ അഭിപ്രായം. ഈ നിലപാടിനെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. അവരിൽ ഒരാളായിരുന്നു ജോ സിബി മലയിൽ.
ആദ്യം “Shame on you” എന്നായിരുന്നു ജോയുടെ പ്രതികരണം. തുടർന്ന് വിശദമായ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പേളിയുടെ നിലപാടിനെ വിമർശിക്കുകയും ചെയ്തു. ഇതിനുശേഷമാണ് തനിക്കെതിരായ വിമർശനങ്ങൾക്ക് പേളി മറുപടി നൽകിയത്. പിന്നീട് ഡിലീറ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ, തനിക്കെതിരെ പ്രതികരിച്ച “പരാജയപ്പെട്ട സംവിധായകൻ” എന്ന പരാമർശം നടത്തിയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഇതിന് മറുപടിയായി ജോ സിബി മലയിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ, “ആ പരാജയപ്പെട്ട സംവിധായകൻ എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ പേര് സിബി മലയിലാണ്” എന്ന് കുറിച്ചു. ആരെയാണ് വിമർശിക്കുന്നതെന്ന് ആദ്യം പരിശോധിക്കണമെന്നും, തന്റെ അച്ഛനെ അപമാനിക്കുന്ന പരാമർശം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നുള്ള മറ്റൊരു സ്റ്റോറിയിൽ, തെറ്റായ കാഴ്ചപ്പാടുകൾ ചൂണ്ടിക്കാണിക്കുന്നത് വ്യക്തിപരമായ ആക്രമണമല്ലെന്നും, തന്റെ ഉദ്ദേശം ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നില്ലെന്നും ജോ വിശദീകരിച്ചു. പേളിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനൊപ്പം, സമൂഹത്തിന് ആവശ്യമുള്ളവർക്കൊപ്പം ശക്തമായി നിൽക്കണമെന്നും, പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും കാണിച്ച ഐക്യം വീണ്ടും ആവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ നിയമപരമായി നേരിടുമെന്നും ജോ സിബി മലയിൽ അറിയിച്ചു.
പേളി മാണി വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റും തുടർന്ന് നടത്തിയ വിശദീകരണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വ്യക്തികൾ ഉൾപ്പെടെ നിരവധി പേർ അനുകൂല-വിരുദ്ധ അഭിപ്രായങ്ങളുമായി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
Summary: The social media exchange between Pearle Maaney and Joe Sibi Malayil has intensified over the ongoing student protest issue. Responding to Pearle’s now-deleted Instagram story referring to a “failed director,” Joe clarified that she was referring to his father, veteran filmmaker Sibi Malayil, and strongly defended him.


