തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലും സുരക്ഷാ ജീവനക്കാരുടെയും ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി (Peroorkada mental health centre high court). ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ കേന്ദ്രത്തിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയത്.
158 അറ്റൻഡർമാർ വേണ്ട സ്ഥാനത്ത് കേവലം 127 പേർ മാത്രമാണ് നിലവിൽ സേവനത്തിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്യാവശ്യമായ പാചകത്തൊഴിലാളികൾ പോലും സ്ഥാപനത്തിലില്ല. രോഗികളെ പരിചരിക്കേണ്ട അറ്റൻഡർമാർ തന്നെയാണ് ഭക്ഷണവും പാകം ചെയ്യുന്നത്. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാത്തതും, ജീവനക്കാർക്ക് ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വരുന്നതും കേന്ദ്രത്തിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നിരവധി കെട്ടിടങ്ങളുടെ നിർമ്മാണം പാതിവഴിയിൽ നിലച്ച നിലയിലാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ദുരിതങ്ങൾ കോടതി നേരിൽ കണ്ടു. മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് സാധാരണക്കാരെപ്പോലെ സങ്കടങ്ങൾ തുറന്നുപറയാൻ സാധിക്കില്ലെന്നും, മതിയായ കൗൺസിലിംഗ് നൽകി അവരെ സമൂഹത്തോടും കുടുംബത്തോടും ചേർത്തുനിർത്താനുള്ള അന്തരീക്ഷം ഒരുക്കണമെന്നും കോടതി പറഞ്ഞു. അറ്റൻഡർമാർ, പാചകത്തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അടിയന്തരമായി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.
മാനസികാരോഗ്യ കേന്ദ്രത്തിന്റെ കാലപ്പഴക്കവും പോരായ്മകളും പരിഹരിക്കാൻ 2022-ൽ മനുഷ്യാവകാശ കമ്മീഷൻ സന്ദർശനം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കി തുക അനുവദിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരിട്ടെത്തി പരിശോധന നടത്തിയത്. കെട്ടിടങ്ങളുടെ പഴക്കം, സെല്ലുകളുടെ പരിമിതികൾ, കാലപ്പഴക്കം ചെന്ന ഉപകരണങ്ങൾ എന്നിവയെക്കുറിച്ചും കോടതി വിശദമായി വിവരങ്ങൾ ശേഖരിച്ചു.
Story Summary: The Kerala High Court expressed serious concern over the infrastructure deficiencies and severe shortage of security, cooking, and attendant staff at the Peroorkada Mental Health Centre in Thiruvananthapuram, following a personal visit by Justices Devan Ramachandran and Basant Balaji.


