ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. (Man Mimics Donald Trump Gestures)
ജോർജിയയിലെ മരിയറ്റയിലെ വീലർ ഹൈസ്കൂളിൽ നടന്ന റാലിയിലാണ് സംഭവം. ട്രംപിന്റെ തൊട്ടുപിന്നിലിരുന്ന സ്യൂട്ടും ചുവന്ന ടൈയും ധരിച്ചിരുന്ന ഒരാൾ, അദ്ദേഹം സംസാരിക്കുന്നതിനിടെ കൈകൾ വീശുന്നതും തല ചായ്ക്കുന്നതും മുഖഭാവങ്ങൾ മാറ്റുന്നതുമെല്ലാം അതേപടി അനുകരിക്കുന്നതായി ക്യാമറയിൽ പതിഞ്ഞു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ ട്രംപിനൊപ്പം ചുണ്ടനക്കി പറയുന്നതുപോലെയും വീഡിയോയിൽ കാണാം.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ ഇത് ട്രംപിനെ തമാശരൂപത്തിൽ അനുകരിച്ചതാണെന്ന് അഭിപ്രായപ്പെട്ടു. പിന്നീട് റാലിയുടെ സംപ്രേഷണ ദൃശ്യങ്ങളിൽ ഇയാളെ കാണാനില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ അദ്ദേഹം സീറ്റ് മാറ്റിയതാണോ, അതോ ക്യാമറയുടെ പരിധിക്ക് പുറത്തായതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ഇറാൻ വിഷയവും രാഷ്ട്രീയ എതിരാളികളെയും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളാണ് ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചത്. എന്നാൽ പ്രസംഗത്തിനിടയിൽ പിന്നിലിരുന്ന യുവാവിന്റെ അനുകരണം പലപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ ട്രംപിൽ നിന്ന് മാറ്റുന്നതായി സമൂഹമാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
Summary: A humorous moment from Donald Trump’s campaign rally in Georgia has gone viral after a man seated behind him was caught mimicking his signature gestures and expressions throughout the speech. The clip quickly became a social media talking point, with many viewers saying the attendee stole the spotlight from Trump’s address.


