ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കത്തിനിൽക്കെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിന്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും സാമൂഹിക പ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികൾക്ക് നേരെയും അതേ രീതിയാണ് സർക്കാർ തുടരുന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.(Sonia Gandhi Rahul Gandhi Slam Government As CJP Calls Nationwide Protest)
രാജ്യത്തെ വിദ്യാഭ്യാസ മേഖല പാടേ തകർന്നുവെന്നും വിദ്യാർത്ഥികളുടെ പ്രതിഷേധം സർക്കാരിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടിയെന്നും വ്യക്തമാക്കിയ അവർ, പ്രതിപക്ഷം പൂർണ്ണമായും വിദ്യാർത്ഥികൾക്കൊപ്പമുണ്ടെന്നും ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സമരക്കാരെയും വിദ്യാർത്ഥികളെയും തല്ലിച്ചതച്ചവർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭവുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് കൊക്ക്റോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. വാങ്ചുക്കിന്റെ സമരം രാജ്യത്തിന്റെ മനഃസാക്ഷിയെ തൊട്ടുണർത്തിയതാണെന്നും സ്വന്തം ജീവൻ പണയം വെച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. വാങ്ചുക്കിന്റെ തീരുമാനത്തിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Senior Congress leaders Sonia and Rahul Gandhi slammed the central government over the ongoing student protests and NEET controversy, demanding the resignation of Education Minister Dharmendra Pradhan. Meanwhile, the Cockroach Janta Party (CJP) has called for nationwide protests.


