ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ രണ്ടു ഭീകരരെ വധിച്ച് സൈന്യം. ബസന്ത്ഘട്ട് മേഖലയിൽ നടന്ന സംയുക്ത സൈനിക നീക്കത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ജെയ്ഷെ മുഹമ്മദിന്റെ മുതിർന്ന കമാൻഡറായ മാവി ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. (Operation KIYA, Army kills 2 terrorists including Jaish commander in Udhampur, destroys hideout)
മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തെത്തുടർന്ന് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ്, സി.ആർ.പി.എഫ്, സി.ഐ.എഫ് ഡെൽറ്റ സംഘം എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ദുർഘടമായ ഭൂപ്രകൃതിയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്താൻ ക്യാമറ ഘടിപ്പിച്ച സ്നിഫർ നായകളെ സൈന്യം ഉപയോഗിച്ചു. ഇവയാണ് ഭീകരരുടെ ഒളിത്താവളമായ ഗുഹ കണ്ടെത്തിയത്.
രാത്രി മുഴുവൻ നീണ്ടുനിന്ന വെടിവെപ്പിനൊടുവിൽ സൈന്യം ഗുഹയ്ക്ക് നേരെ ഗ്രനേഡുകൾ പ്രയോഗിച്ചു. തുടർന്നാണ് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ നിന്ന് അത്യാധുനികമായ എം4 റൈഫിളുകൾ, എകെ-47 തോക്കുകൾ, വൻതോതിലുള്ള സ്ഫോടകവസ്തുക്കൾ എന്നിവ സൈന്യം കണ്ടെടുത്തു.



