മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ ലോബ്സ്റ്റർ മീഡിയയുടെ സ്ഥാപകനായ ധ്രുവ് മുഖർജിയാണ് തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ജീവനക്കാരോട് അനുകമ്പയോടെ പെരുമാറേണ്ടതിന്റെ മാതൃക പങ്കുവെച്ചത്. കമ്പനിയിലെ കണ്ടെന്റ് ഓപ്പറേഷൻസ് ലീഡ് ആയ ആര്യ എന്ന ജീവനക്കാരിയാണ് മോശം പ്രകടനത്തെത്തുടർന്ന് ശമ്പളം കുറയ്ക്കാൻ ആവശ്യപ്പെട്ടത്.
കഴിഞ്ഞ കുറേ ആഴ്ചകളായി ആര്യയുടെ ജോലിയിൽ കാര്യമായ വീഴ്ചകൾ സംഭവിച്ചിരുന്നു. തുടർന്ന് ജോലിയെക്കുറിച്ച് സംസാരിച്ചപ്പോഴാണ് വ്യക്തിപരമായ ചില ബുദ്ധിമുട്ടുകൾ കാരണം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന് ആര്യ വ്യക്തമാക്കിയത്. എന്നാൽ കഠിനാധ്വാനം ചെയ്യുന്ന ആര്യയുടെ പ്രതിബദ്ധത മനസ്സിലാക്കിയ ബോസ്, ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് പകരം കമ്പനി ചെലവിൽ മൂന്ന് ദിവസത്തെ എയർബിഎൻബി താമസം ഒരുക്കുകയാണുണ്ടായത്. ജോലിയിലെ ഏകാഗ്രത വീണ്ടെടുക്കാനും വിശ്രമിക്കാനും ഇത് സഹായിച്ചു. മാനേജ്മെന്റിന്റെ ഈ കരുതൽ ആര്യയുടെ പ്രകടനത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്നും ജോലിയിലേക്ക് തിരികെ വരാൻ ഇത് പ്രചോദനമായെന്നും ധ്രുവ് വ്യക്തമാക്കി. ജീവനക്കാർ ആദ്യം മനുഷ്യരാണെന്നും പ്രൊഫഷണലുകൾ പിന്നീട് മാത്രമാണെന്നും വ്യക്തമാക്കുന്ന ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Summary: Dhruv Mukherjee, founder of Mumbai-based startup Blue Lobster Media, has won praise on LinkedIn for practicing compassionate leadership. Instead of penalizing an employee who requested a pay cut due to poor performance stemming from personal challenges, he sent her on a paid three-day getaway to help her recover and regain her focus.


