പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ വധശിക്ഷയാണ് ലഭിച്ചതെന്നും കോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ജെ. വിജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിച്ചാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. പൊലീസിന്റെ കൃത്യമായ അന്വേഷണവും പ്രോസിക്യൂഷൻ സാക്ഷികളുടെ ശക്തമായ സഹകരണവുമാണ് ഇത്രയും വലിയൊരു ശിക്ഷാവിധി വേഗത്തിൽ സമ്പാദിക്കാൻ സഹായിച്ചതെന്നും പ്രതിഭാഗത്തിന്റെ സകല വാദങ്ങളും കോടതി പൂർണ്ണമായി തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.(Nenmara Double Murder Case Public Prosecutor Welcomes Death Penalty To Chenthamara)
കുട്ടികളുടെ പുനരധിവാസം, പ്രതിയുടെ ക്രൂരമായ സ്വഭാവ രീതി, കൊലപാതകം നടത്തിയ ആസൂത്രിത ശൈലി എന്നിവയെല്ലാം വിധി പ്രസ്താവത്തിൽ കോടതി വളരെ ഗൗരവത്തോടെയാണ് പരിഗണിച്ചത്. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് പ്രതി ഇരകളെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച സൈക്കോളജിസ്റ്റ് ബോർഡ് പരിശോധനയിൽ പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ വധശിക്ഷ തന്നെ വേണമെന്ന് ശക്തമായി വാദിച്ചപ്പോഴാണ് പ്രതി കോടതിയിൽ കപടമായ മാനസാന്തരം പ്രകടിപ്പിച്ചത്. എന്നാൽ കോടതി ഇത് അർഹിക്കുന്ന ഗൗരവത്തോടെ എടുത്തില്ല. കേസിൽ സാക്ഷി ഗിരീഷ് മൊഴി മാറ്റിയത് കള്ളത്തരമാണെന്ന് കോടതിക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
പ്രതിക്ക് സ്വന്തമായി സ്വത്തുക്കൾ ഇല്ലാത്ത സാഹചര്യത്തിൽ വിധിപ്രകാരമുള്ള 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സർക്കാരാണ് ഇരകളുടെ മക്കൾക്ക് നൽകേണ്ടത്. ഒപ്പം കൊല്ലപ്പെട്ടവരുടെ മൂത്തകുട്ടിക്ക് സർക്കാർ ജോലി നൽകണമെന്നും വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പ്രതിക്ക് ഏതെങ്കിലും സാഹചര്യത്തിൽ ഭാവിയിൽ പരോളോ മറ്റ് ഇളവുകളോ അനുവദിക്കുകയാണെങ്കിൽ കേസിലെ മുഴുവൻ സാക്ഷികൾക്കും കനത്ത സുരക്ഷ ഒരുക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിയെ ഭയന്ന് കോടതിയിലേക്ക് വരാൻ മടിച്ച സാക്ഷികളെ നിർഭയരായി കോടതിയിൽ എത്തിക്കുക എന്നതായിരുന്നു പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ആക്രമണത്തിന് ഉപയോഗിച്ച കൊടുവാളുകളിൽ നിന്ന് കൊല്ലപ്പെട്ടവരുടെ ശരീര കോശങ്ങൾ കണ്ടെത്തിയ ശാസ്ത്രീയ തെളിവ് കേസിൽ നിർണായകമായി മാറി. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഈ വിധി ശക്തമായൊരു സന്ദേശമാണ് നൽകുന്നതെന്ന് കോടതി തന്നെ എടുത്തുപറഞ്ഞതായി അഡ്വ. വിജയകുമാർ കൂട്ടിച്ചേർത്തു.
പോത്തുണ്ടിയിൽ 2025 ജനുവരി 27-നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സമാനമായ കൊലക്കേസുകൾ വിശദമായി റഫർ ചെയ്ത ശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ ഉറപ്പാക്കിയത്. പ്രതി ചെന്താമര വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇയാൾക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും കോടതി നിരീക്ഷിച്ചു. വധശിക്ഷയ്‌ക്കൊപ്പം വിധിച്ച 20 ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. അതേസമയം, ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്.
Story Summary
Public Prosecutor Adv. M.J. Vijayakumar welcomed the death penalty awarded to Chenthamara in the Nenmara twin murder case, noting that the court dismissed all defense arguments. The landmark judgment, coming 1.5 years after the January 2025 incident, commands a ₹20 lakh state compensation.


