കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (College Placement Reality India). കരിയർ വളർച്ചയും ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളിലൂടെ ശ്രദ്ധ നേടിയ കൃതികയുടെ വീഡിയോ നിരവധി വിദ്യാർത്ഥികൾക്കിടയിൽ ചർച്ചയാവുകയാണ്.
“ചില സത്യങ്ങൾ വേദനിപ്പിക്കും… പക്ഷേ അവ നിങ്ങളുടെ ഭാവി മാറ്റാനും കഴിയും” എന്ന കുറിപ്പോടെയാണ് കൃതിക വീഡിയോ പങ്കുവെച്ചത്. ഒരേ ക്ലാസിൽ പഠിക്കുന്നവരും ഒരേ പരീക്ഷകൾ എഴുതുന്നവരും ഒരേ സ്വപ്നങ്ങൾ പങ്കിടുന്നവരുമായ വിദ്യാർത്ഥികൾ പ്ലേസ്‌മെന്റ് സീസൺ തുടങ്ങുമ്പോൾ വ്യത്യസ്ത യാഥാർഥ്യങ്ങളിലേക്കാണ് കടക്കുന്നതെന്ന് അവർ പറയുന്നു. കോളേജ് ജീവിതം സുഹൃത്തുക്കളോടൊപ്പം ഓർമകൾ സൃഷ്ടിക്കാനുള്ള സമയമാണെങ്കിലും, ആ കാലയളവിൽ പുതിയ കഴിവുകൾ വികസിപ്പിക്കാതെയും കരിയറിനായി തയ്യാറാകാതെയും മുന്നോട്ടുപോയാൽ അവസാന വർഷം വളരെ പ്രയാസകരമാകുമെന്ന് കൃതിക മുന്നറിയിപ്പ് നൽകുന്നു. പ്ലേസ്‌മെന്റ് ആരംഭിക്കുമ്പോൾ ഓരോരുത്തരും സ്വന്തം ഭാവിക്കായുള്ള പോരാട്ടത്തിലായിരിക്കുമെന്നും, അപ്പോൾ മറ്റാരും നിങ്ങളുടെ കരിയർ നിർമ്മിച്ചു തരില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
“ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത തോന്നാം. പക്ഷേ അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് ലഭിക്കാതെ പോകുകയാണെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ നിങ്ങളോടൊപ്പമുണ്ടാകൂ. നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ പോലും നിങ്ങളെ സ്നേഹിക്കും. എന്നാൽ അവർക്ക് ജോലിയും ഇന്റർവ്യൂവും ഓഫീസും ഉത്തരവാദിത്വങ്ങളും ഉണ്ടാകും. ഒരിടത്ത് അവർക്ക് ‘എനിക്ക് ഓഫീസിലേക്ക് പോകണം’ എന്ന് പറഞ്ഞ് മടങ്ങേണ്ടിവരും.” ഈ യാഥാർഥ്യം വിദ്യാർത്ഥികളെ ഭയപ്പെടുത്താനല്ല, മറിച്ച് നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കാനുള്ള മുന്നറിയിപ്പാണെന്നും അവർ വ്യക്തമാക്കുന്നു.
ഡാറ്റ സ്ട്രക്ചേഴ്സ് ആൻഡ് ആൽഗോരിതം പഠിക്കാനും, പുതിയ സാങ്കേതികവിദ്യകൾ അഭ്യസിക്കാനും, വ്യക്തിഗത പ്രോജക്ടുകൾ നിർമ്മിക്കാനും, ഇന്റേൺഷിപ്പുകൾ നേടാനും വിദ്യാർത്ഥികൾ ഇപ്പോൾ തന്നെ ശ്രമിക്കണമെന്ന് കൃതിക ഉപദേശിക്കുന്നു.”ഇന്ന് നിങ്ങൾ ചെയ്യുന്ന ചെറിയ ശ്രമങ്ങളാണ് നാളത്തെ ജോലി നേടാനുള്ള അടിത്തറ. നിങ്ങളുടെ ഭാവിയെ നിങ്ങളല്ലാതെ മറ്റാരും നിർമ്മിക്കില്ല,” എന്നാണ് വീഡിയോയുടെ പ്രധാന സന്ദേശം.


