ചിറ്റൂർ: അമാവാസി നാളിൽ ക്ഷേത്രദർശനം നടത്തി മടങ്ങവെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അടക്കം നാല് പേർ അറസ്റ്റിലായി. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശിയായ രമേഷ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഹാസിനി (19), കാമുകൻ യുഗന്ധർ (20), ഇവരുടെ രണ്ട് കൂട്ടാളികൾ എന്നിവരെയാണ് ചിറ്റൂർ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടിയത്. മൊബൈൽ ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.(Chittoor Temple Route Murder Wife And Lover Arrested For Killing Husband Ramesh)
രണ്ട് വർഷം മുൻപാണ് രമേഷും ഹാസിനിയും വിവാഹിതരായത്. ഇവർക്കൊരു പെൺകുഞ്ഞുണ്ട്. എന്നാൽ വിവാഹശേഷവും ഹാസിനി തന്റെ കുട്ടിക്കാല സുഹൃത്തായ യുഗന്ധറുമായി പ്രണയം തുടർന്നിരുന്നു. രമേഷിനെ ഒഴിവാക്കി ഒന്നിച്ച് ജീവിക്കാൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനായി ചൊവ്വാഴ്ച ഗുഡുപല്ലെ മണ്ഡലിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഹാസിനി ഭർത്താവിനെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. യാത്രയിലുടനീളം ഹാസിനി ഫോണിലൂടെ തങ്ങളുടെ ലൈവ് ലൊക്കേഷൻ കാമുകന് കൈമാറിക്കൊണ്ടിരുന്നു.
മലയോര പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപമെത്തിയപ്പോൾ ഹാസിനി തന്റെ ഹാൻഡ്‌ബാഗ് മനപ്പൂർവ്വം താഴെയിട്ടു. ബാഗ് എടുക്കാനായി രമേഷ് ബൈക്ക് നിർത്തിയ സമയം കാട്ടിൽ പതിയിരുന്ന യുഗന്ധറും കൂട്ടാളികളും ചേർന്ന് ആക്രമിക്കുകയായിരുന്നു. ജീവരക്ഷാർത്ഥം കാട്ടിലേക്ക് ഓടിക്കയറിയ രമേഷിനെ 100 മീറ്ററോളം പിന്തുടർന്ന പ്രതികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ഈ സമയം ദമ്പതികളുടെ കുഞ്ഞും സമീപത്തുണ്ടായിരുന്നു.
ക്ഷേത്രത്തിലേക്ക് പോയ മകളെയും കൊച്ചുമകളെയും കാണാനില്ലെന്ന് ഹാസിനിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്ര റോഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, രമേഷിനൊപ്പം പോയ ഹാസിനി തിരികെ മറ്റ് രണ്ട് യുവാക്കൾക്കൊപ്പം രമേഷിന്റെ ബൈക്കിൽ പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ മൊബൈൽ ലൊക്കേഷൻ പരിശോധനയിലാണ് കാട്ടിൽ നിന്ന് രമേഷിന്റെ മൃതദേഹം കണ്ടെത്തിയതും പ്രതികളെ വലയിലാക്കിയതും. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹാസിനി രമേഷിനെ വിവാഹം കഴിച്ചതെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിൽ ബാലവിവാഹ നിരോധന നിയമപ്രകാരവും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
A 19-year-old woman, Hasini, and her paramour, Yugandhar, along with two accomplices, were arrested in Andhra Pradesh’s Chittoor district for the brutal murder of her husband, Ramesh. The wife lured the victim to a temple on the pretext of Amavasya, shared their live location with the killers, and staged a handbag drop on a hilly road to execute the murder.


