റിപ്പോർട്ട്: അൻവർ ഷരിഫ്
നാദാപുരം: വിഷ്ണുമംഗലം പുഴയിൽ മുങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം സ്വദേശി രഞ്ജിത്ത് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതൽ രഞ്ജിത്തിനെ കാണാനില്ലെന്ന വിവരത്തെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് വിഷ്ണുമംഗലം പാലത്തിന് സമീപം യുവാവിന്റെ ബൈക്കും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. (Vishnumangalam River Drowning Death)
യുവാവ് പുഴയിൽ ചാടിയതാകാമെന്ന സംശയത്തെത്തുടർന്ന് നാട്ടുകാർ ഉടൻ തന്നെ നാദാപുരം ഫയർസ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫയർ സ്റ്റേഷൻ ഓഫീസർ അരുൺ മോഹന്റെ നേതൃത്വത്തിൽ സ്കൂബ ഡൈവിംഗ് ടീം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ടീമിലെ അംഗങ്ങളായ അഖിൽ എൻ.കെ, വൈഷ്ണവ്ജിത് എന്നിവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ വിഷ്ണുമംഗലം ബണ്ടിൽ വെള്ളം നിറഞ്ഞുകിടക്കുന്ന സാഹചര്യം തിരച്ചിലിന് വെല്ലുവിളിയായിരുന്നു. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Summary: Ranjith (42), a native of Valayam, was found dead in the Vishnumangalam River near Nadapuram after a search operation was launched following his disappearance. His vehicle and personal belongings were discovered near the bridge, and a team from the Nadapuram Fire Station, including scuba divers, successfully recovered his body from the water-logged bund.


