ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 5:05-ഓടെയാണ് ഭൂചലനമുണ്ടായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. വിശാഖപട്ടണത്തിന് പുറമെ അനകാപള്ളി, വിജയനഗരം, കാക്കിനട, കോനസീമ ജില്ലകളിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. (Bay of Bengal Earthquake)
വിശാഖപട്ടണം നഗരത്തിലെ ഗജുവാല, മംഗളപാലം, സാഗർ നഗർ, പെദ്ദ വാൾട്ടയർ, അരിലോവ, എം.വി.പി കോളനി, അപ്പുകാർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം കാര്യമായി അനുഭവപ്പെട്ടത്. കാക്കിനട തീരത്തുനിന്ന് ഏകദേശം 225 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പത്തുകിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതൊരു ‘ഷാലോ എർത്ത് ക്വേക്ക്’ ആണെന്നും, ഭൂമിയുടെ ഘടനാപരമായ മാറ്റങ്ങൾ കാരണമാണ് ഈ പ്രകമ്പനം ഉണ്ടായതെന്നും വിദഗ്ധർ വ്യക്തമാക്കി. ഈ മേഖല ഭൂമിശാസ്ത്രപരമായി താരതമ്യേന സുസ്ഥിരമായതുകൊണ്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലും വിശാഖപട്ടണം, അല്ലൂരി സീതാരാമരാജു ജില്ലകളിൽ സമാനമായ രീതിയിൽ ലഘുഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.
Summary: A 4.5 magnitude earthquake struck the Bay of Bengal early Sunday, causing mild tremors in Visakhapatnam and surrounding districts in Andhra Pradesh. While residents reported feeling the jolts, authorities confirmed no casualties or property damage, urging the public to remain calm as the region is considered tectonically stable.

