വാഷിംഗ്ടൺ: ഇന്ത്യാ-പാകിസ്താൻ സൈനിക സംഘർഷത്തിൽ താൻ ഇടപെട്ടാണ് ആണവയുദ്ധം ഒഴിവാക്കിയതെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട നാല് ദിവസം നീണ്ടുനിന്ന വ്യോമാക്രമണ പരമ്പരയ്ക്കിടെ ഇരുപക്ഷത്തുമായി 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ട്രംപ് വെളിപ്പെടുത്തി. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ വിചിത്രമായ അവകാശവാദങ്ങൾ.(Donald Trump claims he stopped India Pakistan nuclear war during Operation Sindoor)
ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് ഉൾപ്പെടെ ലോകത്തെ എട്ട് വലിയ യുദ്ധങ്ങൾ താൻ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ മറ്റാരേക്കാളും മുൻപ് തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നുവെന്നും എന്നാൽ തന്റെ ഇടപെടൽ 3 മുതൽ 5 കോടി വരെ ജനങ്ങളുടെ ജീവൻ രക്ഷിച്ചതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാൽ, സംഘർഷത്തിൽ ഏതൊക്കെ രാജ്യങ്ങളുടെ വിമാനങ്ങളാണ് തകർന്നതെന്നോ, ഇരുപക്ഷത്തുമായി ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ വ്യക്തമാക്കാൻ ട്രംപ് തയ്യാറായില്ല. അതേസമയം ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഇന്ത്യൻ ആക്രമണത്തിൽ എഫ്-16 ഉൾപ്പെടെ പാകിസ്താന്റെ പന്ത്രണ്ടോളം സൈനിക വിമാനങ്ങൾ തകരുകയോ തകരാറിലാകുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്.
കഴിഞ്ഞ വർഷം മെയ് 7-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം പാക് അധീന പ്രദേശങ്ങളിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. മെയ് 10-ഓടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങൾ അവസാനിച്ചത്. സംഭവത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ഏതെങ്കിലും മൂന്നാം കക്ഷിയുടെ മധ്യസ്ഥതയോ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
US President Donald Trump has reiterated his claim of mediating between India and Pakistan during the 2025 ‘Operation Sindoor’ conflict, claiming his intervention prevented a nuclear war and saved millions of lives. Trump also asserted that 11 fighter jets were shot down during the four-day hostilities.

