ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങുകളുടെ നാലാം നാൾ തലസ്ഥാനമായ ടെഹ്റാനിൽ ജനസാഗരം. യു.എസുമായുള്ള മാസങ്ങൾ നീണ്ട യുദ്ധസമാനമായ സാഹചര്യങ്ങൾ തങ്ങളെ കൂടുതൽ ശക്തരാക്കുകയേ ഉള്ളൂവെന്ന് പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ആളുകളാണ് ടെഹ്റാനിലെ പ്രധാന വീഥികളിലേക്ക് ഒഴുകിയെത്തിയത്. ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന് ജനക്കൂട്ടം ഒന്നടങ്കം വിളിച്ചുപറയുന്നുണ്ടായിരുന്നു.(Ayatollah Ali Khamenei funeral, Tehran Crowds cries for Revenge Against Donald Trump)
ഒരു വിലാപയാത്ര എന്നതിനപ്പുറം കടുത്ത ദേശീയതാ പ്രകടനത്തിന്റെ വേദിയായി ടെഹ്റാൻ മാറി. “ഞങ്ങൾ ജനങ്ങളാണ് ഇറാന്റെ യഥാർത്ഥ മിസൈലുകൾ” എന്നെഴുതിയ പ്ലക്കാർഡുകൾ വിലാപയാത്രയിൽ ഉയർന്നു. വിപ്ലവ ചത്വരത്തിലേക്ക് നീങ്ങിയ ജനക്കൂട്ടത്തിനിടയിൽ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത പ്രതികാര മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ട്രംപിന്റെ ചിത്രത്തിന് നേരെ തോക്ക് ചൂണ്ടുന്ന തരത്തിലുള്ള പോസ്റ്ററുകളും ‘കിൽ ട്രംപ്’ എന്നെഴുതിയ ബോർഡുകളും പലരും ഉയർത്തിപ്പിടിച്ചിരുന്നു. 36 ഡിഗ്രി കടുത്ത ചൂടിനെ അവഗണിച്ചാണ് കുട്ടികളും വയോധികരുമടങ്ങുന്ന വൻ ജനവലി അണിനിരന്നത്. ജനങ്ങൾക്ക് ആശ്വാസമേകാൻ അധികൃതർ വഴിനീളെ വെള്ളം തളിക്കുന്നുണ്ടായിരുന്നു.
തങ്ങളുടെ നേതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിക്കില്ലെന്നും പ്രതികാരം തങ്ങളുടെ അവകാശമാണെന്നും വിലാപയാത്രയിൽ പങ്കെടുത്തവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇറാന്റെ ആഭ്യന്തര ശക്തി ലോകത്തിന് മുന്നിൽ കാണിക്കാനാണ് ഈ ഒത്തുകൂടലെന്നും ജനങ്ങൾ പറഞ്ഞു. വരും ദിവസങ്ങളിലും ഇറാന്റെ വിവിധ മേഖലകളിൽ ഖമേനിയുടെ അനുസ്മരണ ചടങ്ങുകൾ തുടരും.
Story Summary
Massive crowds flooded the streets of Tehran on the fourth day of mourning for Iran’s assassinated former Supreme Leader, Ali Khamenei. The funeral procession turned into a massive display of patriotism and defiance, with mourners chanting for revenge against US President Donald Trump. Amid 36°C heat, over hundreds of thousands participated in the rally, with some calling on Iran’s leadership to immediately build nuclear weapons to deter future US attacks.

