ലണ്ടൻ: റിച്ച്മണ്ടിൽ പ്രശസ്തമായ ജ്വല്ലറി പട്ടാപ്പകൽ കൊള്ളയടിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെ ‘ഗ്രിഗറി ആൻഡ് കോ’ എന്ന ജ്വല്ലറിയിലാണ് മാസ്ക് ധരിച്ചെത്തിയ രണ്ടംഗ സംഘം ആയുധങ്ങളുമായി ആക്രമണം നടത്തിയത്.(Jewelry was robbed in broad daylight in Britain, the thieves broke the glass with a hammer)
വലിയ ചുറ്റികയുമായെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ മുൻവശത്തെ ഡിസ്‌പ്ലേ വിൻഡോ അടിച്ചുതകർത്തു. ചില്ല് തകരുന്ന ശബ്ദം കേട്ട് പരിസരവാസികളും കടയിലുള്ളവരും നടുങ്ങിയെങ്കിലും സെക്കന്റുകൾക്കുള്ളിൽ അക്രമികൾ പ്രദർശിപ്പിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങൾ നീല ബാഗിലാക്കി കടന്നുകളഞ്ഞു.
നിരവധി കഫേകളും ഷോപ്പുകളും ഉള്ള തിരക്കേറിയ തെരുവിലാണ് സംഭവം നടന്നത്. വഴിയാത്രക്കാർ നോക്കിനിൽക്കെയായിരുന്നു മോഷണം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖം പൂർണ്ണമായും മറച്ച നിലയിലായിരുന്നു അക്രമികൾ. കഴിഞ്ഞയാഴ്ച നൈറ്റ് ബ്രിഡ്ജിലെ ‘ബുച്ചർ ബൊട്ടീക്കിലും’ സമാനമായ ആക്രമണം നടന്നിരുന്നു. അക്രമി സംഘം മോട്ടോർ സൈക്കിൾ കടയിലേക്ക് ഇടിച്ചുകയറ്റിയാണ് അവിടെ മോഷണം നടത്തിയത്.



