പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യവുമായി നേതാക്കൾ രംഗത്ത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ജയഘോഷ് കെ.എസിനെ മത്സരിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇതുസംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ കത്ത് നൽകി.(Youth Congress’ letter to KPCC demanding 7 seats in Palakkad)
പാലക്കാട് ജില്ലയിലെ ഏഴ് നിയമസഭാ സീറ്റുകൾ യൂത്ത് കോൺഗ്രസിന് നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കൂടാതെ, നിലവിൽ സി.എം.പി മത്സരിക്കുന്ന നെന്മാറ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസിന് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കായി ആറ് സംസ്ഥാന ഭാരവാഹികൾ സ്ഥാനാർത്ഥികളെ നിർദേശിച്ചു.
പാലക്കാട് മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് ജയഘോഷ് കെ.എസ്. ചിറ്റൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക് അത്തിക്കോടും പട്ടാമ്പിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖും മത്സരിക്കണം. ഒറ്റപ്പാലം സീറ്റിൽ സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശിയെയും ആലത്തൂരിൽ സംസ്ഥാന സെക്രട്ടറി പ്രതീഷ് മാധവനെയും പരിഗണിക്കണം. നെന്മാറയിൽ സംസ്ഥാന സെക്രട്ടറി വിഷ്ണു സി., തരൂരിൽ സംസ്ഥാന സെക്രട്ടറി അഡ്വ. സുബ്രഹ്മണ്യൻ എന്നിവരെ സ്ഥാനാർത്ഥികളാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.



