ബെയ്ജിങ്: ചൈനയിൽ അഴിമതിക്കേസിൽ മുൻ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവുശിക്ഷ. മന്ത്രിപദവി ദുരുപയോഗം ചെയ്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഫുജിയൻ പ്രവിശ്യയിലെ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.(Corruption case, Former Chinese Minister sentenced to life in prison)
2006 നും 2022 നും ഇടയിലുള്ള കാലയളവിൽ ഏകദേശം 175 കോടി രൂപയുടെ അഴിമതി താങ് യിജുൻ നടത്തിയതായി കോടതി കണ്ടെത്തി. ജെജാങ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2020-ലാണ് നിയമമന്ത്രിയായത്. അഴിമതി ആരോപണങ്ങൾ ഉയർന്നതോടെ 2024-ൽ ഇയാളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ തുടരുന്ന ശക്തമായ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കൂടുതൽ ഉന്നതർ വലയിലാകുകയാണ്. എനർജി മാനേജ്‌മെന്റ് മന്ത്രി വാങ് ഷിയാങ്ഷിക്കെതിരെ അഴിമതി വിരുദ്ധ വിഭാഗം കേസെടുത്തു. ചൈനയിൽ ആദ്യമായാണ് ഒരു സിറ്റിങ് മന്ത്രിക്കെതിരെ അഴിമതിക്ക് കേസെടുക്കുന്നത്.



