ഗൽവാൻ താഴ്വരയിലെ സംഘർഷത്തെ ആസ്പദമാക്കി ഒരുക്കിയ സൽമാൻ ഖാൻ ചിത്രം ‘മാതൃഭൂമി’യുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ. ചിത്രത്തിന്റെ പ്രദർശനാനുമതിക്കായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇതുവരെ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം സെൻസർ ബോർഡിന്റെ നടപടികൾ നീളുന്നതോടെ വീണ്ടും മാറ്റിവെക്കേണ്ടി വരുമെന്ന് ഉറപ്പായി. (Salman Khan Maatrubhumi)
നേരത്തെ ‘ബാറ്റിൽ ഓഫ് ഗൽവാൻ’ എന്ന പേരിൽ പ്രഖ്യാപിച്ച ചിത്രം വലിയ വിവാദങ്ങളെത്തുടർന്നാണ് ‘മാതൃഭൂമി’ എന്ന് പുനർനാമകരണം ചെയ്തത്. 2020-ലെ ഗൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈനീസ് സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിന് ചൈനയിൽ നിന്നും വലിയ തോതിലുള്ള എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ, സംഭവങ്ങൾ വളച്ചൊടിച്ചാണ് സിനിമ അവതരിപ്പിക്കുന്നതെന്ന് ആരോപിച്ച് ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
സൽമാൻ ഖാന്റെ 60-ാം പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. 16 ബീഹാർ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ സന്തോഷ് ബാബുവിന്റെ വേഷത്തിലാണ് സൽമാൻ ഖാൻ ചിത്രത്തിൽ എത്തുന്നത്. അപ്പൂർവ്വ ലഖിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിത്രാംഗത സിംഗ്, അഭിലാഷ് ചൗധരി, അങ്കൂർ ഭാട്ടിയ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമ ഖാനാണ് ചിത്രം നിർമ്മിക്കുന്നത്. ഹിമേഷ് രേഷമ്മിയയാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. ഏപ്രിലിൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ചിത്രം പിന്നീട് ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നുവെങ്കിലും സെൻസർ ബോർഡിന്റെ നടപടികൾ ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്.
Summary: The release of Salman Khan’s ‘Maatrubhumi,’ a film based on the 2020 Galwan Valley clash, faces further delays as the Central Board of Film Certification (CBFC) has reportedly withheld clearance. Originally titled ‘Battle of Galwan,’ the project has been marred by controversy, including backlash from China. Despite being slated for an August release after missing its initial April date, the film’s status remains uncertain as the certification process continues to be delayed.

