സഹരൻപുർ: ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ ജില്ലാ സപ്ലൈ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സീമ ചൗധരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വന്തം അമ്മ തന്നെ രംഗത്ത്. ഭൂമി തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, അഴിമതി പണം വെളുപ്പിക്കൽ എന്നീ ആരോപണങ്ങൾ ഉന്നയിച്ച് അമ്മയായ മുനേഷ് റാണിയാണ് മകൾക്കെതിരെ പോലീസിൽ പരാതി നൽകിയത്.(UP DSO Seema Chaudhary Faces Fraud Case Filed By Her Own Mother)
സഹരൻപുർ ജില്ലയിലെ സർസാവ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തന്റെ അറിവോ സമ്മതമോ കൂടാതെ, ഭൂമി വിൽക്കുന്നതിനായി മകൾ സീമയും മറ്റ് ചിലരും ചേർന്ന് തന്റെ ഒപ്പിട്ട് വ്യാജരേഖകൾ തയ്യാറാക്കിയെന്നാണ് മുനേഷ് റാണിയുടെ പരാതി. ഭൂമി തട്ടിപ്പിന് പുറമെ, അഴിമതി പണം കൈകാര്യം ചെയ്യുന്നതിൽ മകൾ ക്രമക്കേട് കാട്ടിയതായും അമ്മ ആരോപിക്കുന്നു. തന്റെ പേരിൽ രഹസ്യമായി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി, അതിലൂടെ മകൾ തന്റെ അനധികൃത വരുമാനവും കണക്കിൽപ്പെടാത്ത പണവും നിക്ഷേപിച്ച് വെളുപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) പ്രസക്തമായ വകുപ്പുകൾ പ്രകാരം ഡി.എസ്.ഒ സീമ ചൗധരിക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകളും പോലീസ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ആരോപണങ്ങളോട് ഡി.എസ്.ഒ സീമ ചൗധരി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story Summary
Seema Chaudhary, a District Supply Officer (DSO) currently posted in Hapur, UP, is facing a criminal case filed by her own mother, Munesh Rani. The mother alleges that the officer forged her signature for fraudulent land deals and covertly used a bank account in her name to funnel illicit wealth. The police have registered an FIR under the Bharatiya Nyaya Sanhita (BNS) and are conducting a thorough investigation, including forensic document analysis and bank transaction scrutiny.

