ബെംഗളൂരു: ഐടി കമ്പനിയായ ക്യാപ്‌ജെമിനിയുടെ ബെംഗളൂരു ക്യാമ്പസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഡേകെയർ സെന്ററിൽ രണ്ടുമുതൽ മൂന്നുവരെ വയസ്സുള്ള കുട്ടികൾക്ക് നേരെ നടന്ന അമാനവീയമായ പീഡനങ്ങൾ പുറത്ത്. കുട്ടികളെ വാഷിംഗ് മെഷീനിലിരുത്തുകയും, ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് നിർബന്ധപൂർവ്വം വെള്ളം കുടിപ്പിക്കുകയും ചെയ്തതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്രത്തിനെതിരെ ഉയർന്നിരിക്കുന്നത്.(Bengaluru Daycare Center Shut Down After Allegations Of Cruel Child Abuse)
കരയുന്ന കുട്ടികളെ നിശബ്ദരാക്കാൻ അവരെ ശുചിമുറികളിൽ പൂട്ടിയിടാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ ക്രൂരതകൾ ദൃശ്യമാകുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ ഡേകെയർ സെന്ററിലെ അഞ്ച് ജീവനക്കാർക്കെതിരെ കേസെടുത്തു. കൂടാതെ കർണാടക സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സിലും പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തിയതായി ക്യാപ്‌ജെമിനി അധികൃതർ അറിയിച്ചു. ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അധികൃതരുമായി സഹകരിച്ച് വസ്തുതകൾ പരിശോധിച്ചുവരികയാണ്. മുൻകരുതൽ എന്ന നിലയിൽ ബെംഗളൂരു ക്യാമ്പസിലെ ഡേകെയർ സെന്റർ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുന്നു, കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ക്യാമ്പസുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ശിശുപരിപാലന കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ചും മേൽനോട്ടത്തെക്കുറിച്ചും വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തിയിരിക്കുന്നത്.
Story Summary
A daycare facility located within the Capgemini campus in Bengaluru has been temporarily closed following allegations of severe child abuse, where toddlers were reportedly locked in bathrooms, placed inside washing machines, and forced to drink water from toilet jets. Police have registered a case against five caregivers, and the incident has triggered a widespread outcry regarding the safety and monitoring of childcare services in corporate settings.

