ചെന്നൈ: ആറ് മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള മൂന്ന് പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പ്രത്യേക പോക്സോ കോടതി നൽകിയ വധശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. കൊലപാതകത്തേക്കാൾ ഹീനമായ കുറ്റകൃത്യമാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പ്രതി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക വിധി.(Madras High Court Upholds Death Sentence In Child Sexual Assault Case)
ഏകദേശം ഒരു വർഷത്തോളം എല്ലാ ശനിയാഴ്ചയും കുട്ടികളെ വീടിനുള്ളിലേക്ക് പ്രലോഭിപ്പിച്ച് വരുത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഒരു പെൺകുട്ടി മറ്റൊരു കുട്ടിയോട് സംഭവം പറയുന്നതിനിടയിൽ അമ്മ കേൾക്കുകയും, തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചുകയറൽ തുടങ്ങിയ കുറ്റങ്ങൾ പ്രകാരമാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്.
കാലക്രമേണ മൊഴികളിൽ ചെറിയ മാറ്റങ്ങൾ വന്നെങ്കിലും, കുട്ടികളുടെ മൊഴി സത്യസന്ധവും സ്വാഭാവികവുമാണെന്ന് കോടതി വിലയിരുത്തി. മൊഴികളിലെ ചെറിയ അസ്വാഭാവികതകൾ കണ്ട് കേസ് തള്ളാനാവില്ലെന്നും, പ്രധാനപ്പെട്ട ആരോപണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി പറഞ്ഞു. ലൈംഗികാതിക്രമ കേസുകളിൽ, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ, പരാതി നൽകാൻ വൈകുന്നത് കേസിനെ ദുർബലപ്പെടുത്തുന്നില്ല. സാമൂഹികമായ അപമാനം ഭയന്നാണ് പലപ്പോഴും കുടുംബങ്ങൾ പരാതി നൽകാൻ മടിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ അവരുടെ ആത്മാവിനെ തന്നെ നശിപ്പിക്കുന്നതാണെന്നും, കൊലപാതകത്തേക്കാൾ കടുത്ത ശിക്ഷ ഇത്തരം കുറ്റവാളികൾ അർഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. പോക്സോ നിയമത്തിലെ സെക്ഷൻ 29, 30 പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചതായും കോടതി വ്യക്തമാക്കി.
Story Summary
The Madras High Court has upheld the death sentence of a man convicted of sexually assaulting three young girls, aged 6 to 8. Emphasizing the gravity of child abuse, the court dismissed the defense’s claims of inconsistencies in witness testimonies, stating that crimes against children are more heinous than murder. The judgment also underscored that delays in reporting such crimes should not weaken the prosecution’s case.

