അര്‍ബുദ ബാധിതയായി ചികിത്സയില്‍ കഴിയുന്ന രേണു സുധിയുമായി ബന്ധപ്പെട്ട് താന്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെതിരെ നടി സീമ ജി നായര്‍ രംഗത്ത് (Seema G Nair). കാന്‍സര്‍ എന്ന മാരക രോഗത്തിന്റെ ഭീകരതയെക്കുറിച്ചും അത് ബാധിക്കുന്നവരുടെ അവസ്ഥയെക്കുറിച്ചും പൊതുസമൂഹത്തോട് സംസാരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും, അല്ലാതെ അത് രേണുവിനെ പ്രകീര്‍ത്തിക്കാന്‍ വേണ്ടിയുള്ള കുറിപ്പല്ലെന്നും താരം വ്യക്തമാക്കി. തന്റെ പോസ്റ്റിന് താഴെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ കമന്റിട്ടയാള്‍ക്ക് കൃത്യമായ മറുപടിയും സീമ ജി നായര്‍ നല്‍കിയിട്ടുണ്ട്.
തന്റെ വാക്കുകളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെയാണ് സീമയ്ക്കെതിരെ സൈബര്‍ അധിക്ഷേപം ഉയര്‍ന്നത്. ‘താന്‍ പിരിവ് തുടങ്ങുമെന്നും അതില്‍ പകുതി തുക സ്വന്തം പോക്കറ്റിലാക്കി ബാക്കി മാത്രമേ അര്‍ഹരായവര്‍ക്ക് നല്‍കൂ’ എന്നുമുള്ള രീതിയില്‍ ഒരു സ്ത്രീ പങ്കുവെച്ച കമന്റാണ് നടിയെ ചൊടിപ്പിച്ചത്. പ്രശസ്തിക്ക് വേണ്ടിയാണ് സീമ ഇതൊക്കെ ചെയ്യുന്നതെന്ന രീതിയിലായിരുന്നു കമന്റ്.
ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ശക്തമായ ഭാഷയിലാണ് സീമ മറുപടി നല്‍കിയത്. മറ്റുള്ളവരുടെ രോഗവും ബുദ്ധിമുട്ടും വെച്ച് താന്‍ ഇതുവരെ പിരിവ് നടത്തിയിട്ടില്ലെന്ന് താരം വ്യക്തമാക്കി. സഹായം ആവശ്യമുള്ളവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് താന്‍ പങ്കുവെക്കാറുള്ളത്. അതിലേക്ക് വരുന്ന തുക കൈകാര്യം ചെയ്യാനുള്ള പൂര്‍ണ്ണ അവകാശം ആ കുടുംബങ്ങള്‍ക്ക് മാത്രമാണ്. പ്രശസ്തരെ മാത്രമേ താന്‍ സഹായിക്കാറുള്ളൂ എന്ന വിമര്‍ശനത്തെയും താരം തള്ളിപ്പറഞ്ഞു. ഏകദേശം 34 വര്‍ഷങ്ങള്‍ക്ക് മുമ്പ്, താനൊരു സെലിബ്രിറ്റി പോലുമല്ലാതിരുന്ന കാലത്ത് സ്വന്തം അമ്മയെയും കൊണ്ട് ആര്.സി.സി-യുടെ (RCC) വരാന്തകളില്‍ അഭയം തേടിയ ആളാണ് താനെന്ന് സീമ ഓര്‍മ്മിപ്പിച്ചു.
സെലിബ്രിറ്റികളേക്കാള്‍ കൂടുതല്‍ സാധാരണക്കാരായ മനുഷ്യരെയാണ് താന്‍ സഹായിച്ചിട്ടുള്ളത്. കീബോര്‍ഡും ഫോണും കയ്യിലുണ്ടെന്ന് കരുതി ആര്‍ക്കും എതിരെ എന്തും എഴുതിപ്പിടിപ്പിക്കരുതെന്നും സീമ കൂട്ടിച്ചേര്‍ത്തു. വിമര്‍ശിക്കാന്‍ ഇറങ്ങുന്നവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്തു കാണിക്കണമെന്നും, എന്നിട്ട് മതി തന്നെ കുറ്റപ്പെടുത്താനെന്നും താരം കുറിച്ചു. ഇന്നുവരെ ആരെയും വേദനിപ്പിക്കുന്ന രീതിയില്‍ ഒന്നും സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും തന്നെ തന്റെ വഴിക്ക് ജീവിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സീമ ജി നായര്‍ കുറിപ്പ് അവസാനിപ്പിച്ചത്.
Story Summary: Actress Seema G Nair strongly reacted against media outlets and cyber bullies for misinterpreting her recent Facebook post about cancer-survivor Renu Sudhi. She clarified that she has never raised funds for personal gain and emphasized that her charity works are genuinely aimed at helping the needy, both celebrities and common people.

