ന്യൂഡൽഹി: കറാച്ചിയിലെ പാകിസ്ഥാൻ റേഞ്ചേഴ്സ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളി. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിയാണ് തെളിവുകളില്ലാതെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് (India Slams Pakistan Karachi Attack Allegations). പാകിസ്ഥാന്റെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായി അപലപിക്കുന്നതായും, സ്വന്തം മണ്ണിലെ ഭീകരവാദ സൗകര്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം രാജ്യത്തെ ഭീകരവാദം തുടച്ചുനീക്കാൻ പാകിസ്ഥാൻ ശ്രമിക്കണമെന്നും, ഭീകരവാദത്തെ ഭരണനയമായി കാണുന്ന പ്രവണത പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി. കറാച്ചി ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ജമാഅത്ത്-ഉൽ-അഹ്റാർ എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതിനു പിന്നാലെ പ്രതികാരമെന്നോണം അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യകളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. പാക്ത്യ, പാക്തിക, കുനാർ എന്നീ പ്രവിശ്യകളിൽ നടത്തിയ ആക്രമണത്തിൽ 25 ഭീകരർ കൊല്ലപ്പെട്ടതായി പാക് വിവരസാങ്കേതിക മന്ത്രി അത്താവുള്ള തരാർ അറിയിച്ചു.
അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഉൾപ്പെടെയുള്ള ഭീകരർക്ക് താലിബാൻ ഭരണകൂടം സംരക്ഷണം നൽകുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം. എന്നാൽ, തങ്ങളുടെ മണ്ണിൽ നിന്ന് ഭീകരവാദികൾ പ്രവർത്തിക്കുന്നില്ലെന്നും പാകിസ്ഥാന്റെ വ്യോമാക്രമണങ്ങൾ സാധാരണക്കാരെയാണ് കൊല്ലുന്നതെന്നും അഫ്ഗാൻ ഭരണകൂടം വ്യക്തമാക്കി. അതിർത്തിയിലെ അക്രമ സംഭവങ്ങളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary: India has categorically rejected Pakistan’s baseless allegations regarding an “Indian proxy” involvement in the recent Karachi terrorist attack. Foreign Ministry spokesperson Randhir Jaiswal urged Islamabad to look inwards and take credible action against the terror infrastructure within its own borders instead of shifting blame. Meanwhile, Pakistan launched overnight airstrikes in eastern Afghanistan, targeting Jamaat-ul-Ahrar militants, claiming to have killed 25 terrorists in retaliation for the Karachi attack and other recent violence.

