തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ സി.പി.ഐ.എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചുമായിരിക്കും ജനകീയ പ്രതിഷേധം അറിയിക്കുക.(Neglect towards Kerala, CPIM to observe statewide black day tomorrow in protest against Union budget)
ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനും ധനമന്ത്രിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന കാര്യം ധനമന്ത്രി മറന്നുപോയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് പലതും ലഭിച്ചിട്ടും കേരളത്തെ മാത്രം തഴയുന്നത് എന്ത് അയോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.
ബജറ്റിൽ പ്രഖ്യാപിച്ച അപൂർവ്വ ധാതു ഇടനാഴി സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നീക്കമാണ്. “കടലാമ മാത്രമല്ല കേരളത്തിലുള്ളത്” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തോടുള്ള ഈ കടുത്ത അവഗണനയിൽ സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാർക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ദീർഘകാലമായി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചില്ലെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തുന്നു.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന പ്രതീക്ഷ ഇത്തവണയും നിരാശയിലായി. അതിവേഗ ഇടനാഴികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ തള്ളപ്പെട്ടു. വിഴിഞ്ഞം തുറമുഖ വികസനത്തിനായി പ്രത്യേക പാക്കേജുകൾ ഒന്നും അനുവദിച്ചില്ല. വിഹിതം ഉയർത്തണമെന്ന ആവശ്യം അംഗീകരിക്കാതെ ഫെഡറൽ തത്വങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

