തിരുവനന്തപുരം: ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന പ്രത്യേക ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാനി’ന്റെ ഭാഗമായി വർക്കലയിൽ വ്യാപക റെയ്ഡ് (Banned Tobacco Seizure). വർക്കല ക്ലിഫ്, അയിരൂർ, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശനിയാഴ്ച പുലർച്ചെ ആരംഭിച്ച മിന്നൽ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധനയെന്ന് അധികൃതർ അറിയിച്ചു. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് നാല് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെൽവൻ (32), റിജു (50), ഷറഫുദ്ദീൻ (40), സന്തോഷ് കുമാർ (43) എന്നിവരാണ് പിടിയിലായത്. വർക്കല കായിക്കര, ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചാവടിമുക്ക്, കോവൂർ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി ഉൽപ്പന്നങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് പോലീസിന്റെ നടപടി. സമാനമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും, ഇത്തരം ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Summary: In a major crackdown on drug and tobacco trafficking, Kerala Police conducted ‘Operation Toofan’ in Varkala and Ayiroor, seizing a significant quantity of banned tobacco products. Four individuals—Selvan, Riju, Sharafudheen, and Santhosh Kumar—were arrested in connection with the illicit sales, which were primarily focused near educational institutions. The coordinated raids, which began early Saturday morning, covered key areas including the popular tourist spot Varkala Cliff and parts of Ayiroor. Police have stated that these operations will continue to curb the sale of illegal substances in the region.

